കൊല്ലം: പരവൂരിൽ കടയുടെ മറവിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ വിറ്റയാൾ പിടിയിൽ. തെക്കുംഭാഗം സ്വദേശി സക്കരിയ ആണ് പൊലീസ് പിടിയിലായത്. സക്കരിയ തന്‍റെ വീടിനോട് ചേർന്നുള്ള കടയിൽ നിന്നുമാണ് ഒരു ലക്ഷം രൂപയിലധികം വില വരുന്ന പുകയില ഉത്‌പന്നങ്ങൾ പിടികൂടിയത്.
തെക്കുംഭാഗത്തും പരിസര പ്രദേശങ്ങളിലും നിരോധിത പുകയില ഉത്‌പന്നങ്ങളുടെ വിൽപനയും, ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്തെ കടകൾ നിരീക്ഷണത്തിൽ ആയിരുന്നു. തുടർന്ന് നടന്ന മിന്നൽ പരിശോധനയിലാണ് സക്കരിയയുടെ കടയിൽ നിന്നും ഇവ പിടിച്ചെടുത്തത്. ഇയാളിൽ നിന്നും പല കെട്ടുകളാക്കി സൂക്ഷിച്ച നിലയിൽ കുറച്ചധികം കറൻസികളും കണ്ടെടുത്തു.
സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ രഹസ്യാന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന്‍റെ നിർദേശാനുസരണമാണ് റെയ്‌ഡ് നടന്നത്. പരവൂർ എസ്.എച്ച്.ഒ എ.നിസാറിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ എസ്.ഐ നിഥിൻ നളൻ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഗോപകുമാർ, എസ്.ഐ ഹർഷ കുമാർ, എ.എസ്.ഐ രമേശ്, സി.പി.ഒ സായിറാം തുടങ്ങിയവർ പങ്കെടുത്തു.