കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ അന്വേഷണസംഘം റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡി വൈഎഫ്ഐ പ്രവർത്തകനെയും ഇടത് അനുഭാവിയേയും ഒഴിവാക്കിയാണ് കേസില്‍ പൊലീസന്‍റെ റിപ്പോര്‍ട്ട്. ലീഗ് - എസ് ഡി പി ഐ പ്രവര്‍ത്തകരാണ് ജിഷ്‌ണുവിനെ ആക്രമിച്ചതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേസിലെ 11,12 പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ്, ഇടത് അനുഭാവി ഷാലിദ് എന്നിവരൊഴികെയുള്ള പ്രതികള്‍ക്കാണ് മര്‍ദനത്തില്‍ പങ്കെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കേസന്വേഷണത്തിന്‍റെ തുടക്കം മുതല്‍ തന്നെ ഇരുവരുടെയും അറസ്‌റ്റ് ഒഴിവാക്കാന്‍ പൊലീസിന് മേല്‍ രാഷ്‌ട്രീയ സമ്മര്‍ദം ഉണ്ടായിരുന്നതായണ് ആരോപണം.
എസ്‍ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്‌ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. രാഷ്‌ട്രീയ വിരോധമാണ് ജിഷ്‌ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.