ലഖിംപൂര്‍ (അസം) : കോടതിയില്‍ നിന്ന് ചാടി രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നു. അസമിലെ ലഖിംപൂർ ജില്ലയിലെ ധകുഅഖാന കോടതിയിൽ നിന്ന് ചൊവ്വാഴ്ച (16.08.2022) ന് പൊലീസ് കസ്‌റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട കൊടും കുറ്റവാളി രാജു ബറുഅ എന്ന ഗെർജായിയെ ആള്‍ക്കൂട്ടം അടിച്ചുകൊല്ലുകയായിരുന്നു. ഇയാള്‍ക്കൊപ്പം സോന്തി ദാസ്, ജതിൻ തമുലി എന്നീ മറ്റ് രണ്ട് കുറ്റവാളികളും കോടതിവളപ്പില്‍ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
ഓഗസ്‌റ്റ് 16 ന് മറ്റ് രണ്ട് പ്രതികളായ സോന്തി ദാസ്, ജതിൻ തമുലി എന്നിവരോടൊപ്പമാണ് ഗെർജായിയെ ധകുഅഖാന കോടതിയിൽ ഹാജരാക്കിയത്. എന്നാല്‍ സുരക്ഷാവീഴ്ച മുതലെടുത്ത് കോടതിവളപ്പിലെ ലോക്കപ്പിലുള്ള ശുചിമുറിയിലെ ജനൽ തകർത്ത് മൂന്ന് കുറ്റവാളികളും രക്ഷപ്പെടുകയായിരുന്നു. പാലത്തിനടിയിൽ ഒളിച്ചിരുന്ന ഗെർജായിയെ ലഖിംപൂരിലെ ഒരു കൂട്ടം ആളുകൾ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. അതേസമയം, ചാടിപ്പോയ ജതിൻ തമുലി ഇന്ന് (18.08.2022) രാവിലെ പൊലീസിന് മുമ്പില്‍ കീഴടങ്ങി.
കൊലപാതകം, കവർച്ച, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഗെർജായി 2021 സെപ്തംബറിലാണ് ആദ്യമായി അറസ്‌റ്റിലാകുന്നത്. ഈ വർഷം ജനുവരിയിൽ അസുഖത്തെത്തുടർന്ന് ഇയാളെ പൊലീസിന്റെ മേൽനോട്ടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പൊലീസ് ഇയാളെ പിടികൂടി.