ലക്‌നൗ (ഉത്തര്‍ പ്രദേശ്): ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറ്റുവാങ്ങി ഒടുവില്‍ സത്യം പുറത്തുവരുമ്പോള്‍ 'ശുഭം' എന്ന് എഴുതിക്കാണിച്ച് അവസാനിപ്പിക്കുന്ന നിരവധി സിനിമകള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. ഒരുപടി കൂടി കടന്ന് മാതാപിതാക്കളുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന മക്കളെയും ത്രില്ലറുകള്‍ നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിയമവും പൊലീസും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുളഴിക്കുള്ളിലേക്ക് തള്ളിവിട്ട സ്വന്തം മകന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ രാപ്പകലില്ലാതെ അധ്വാനിച്ച് ഒടുക്കം നിയമത്തിന് മുന്നില്‍ തെളിവുകളെത്തിച്ച് മാതൃസ്‌നേഹത്തിന്‍റെ അവസാനവാക്കായി മാറുകയാണ് ഒരു അമ്മ.
ഉത്തര്‍ പ്രദേശിലെ അലിഗഡ് ജില്ലയില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്ന കേസില്‍ ശിക്ഷ അനുഭവിക്കുന്ന 25കാരനായ വിഷ്‌ണു എന്ന യുവാവിന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് അമ്മ മുന്നിട്ടിറങ്ങിയത്. ഇതിനായി കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കുന്ന പെണ്‍കുട്ടിയെ തന്നെയാണ് ഈ അമ്മ പൊലീസിന് മുന്നിലെത്തിച്ചത്. ഇതോടെ യുവതിയെ കസ്‌റ്റഡിയിലെടുത്ത് ഡിഎന്‍എ പ്രൊഫൈലിങ് ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്തി നിജസ്ഥിതി മനസിലാക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.
'കേസ്' വന്ന വഴി: 2015ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. അന്ന് 15 വയസുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഇവരുടെ പിതാവ് ഗൊണ്ട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നു. ഇത് പരിഗണിച്ച പൊലീസ് തട്ടിക്കൊണ്ടുപോകല്‍, വിവാഹത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 363, 336 വകുപ്പുകള്‍ ചുമത്തി കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ഇതില്‍ അന്വേഷണം നടക്കവെയാണ് വിഷ്‌ണു പൊലീസ് പിടിയിലാകുന്നത്.
കുരുക്ക് മുറുകി ഊരാക്കുരുക്കായി: കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആഗ്രയില്‍ നടന്ന ഒരു കൊലപാതകത്തില്‍ ഇരയായ പെണ്‍കുട്ടി തന്‍റെ മകളാണെന്ന് ഈ കുടുംബം തിരിച്ചറിഞ്ഞതായി അറിയിച്ചതോടെ വിഷ്‌ണുവിന്‍റെ കുരുക്ക് മുറുകി. മാത്രമല്ല രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആറില്‍ കൊലക്കുറ്റവും ചുമത്തപ്പെട്ടു. ഇതെത്തുടര്‍ന്നാണ് വിഷ്‌ണുവിനെ ജയിലടയ്‌ക്കപ്പെടുന്നത്. എന്നാല്‍ കേസിലെ പൊലീസ് അന്വേഷണത്തില്‍ വിഷ്‌ണുവിന്‍റെ അമ്മ തൃപ്‌തയായിരുന്നില്ല. തുടര്‍ന്നാണ് ഇവര്‍ തന്‍റെ മകന്‍റെ നിരപരാധിത്വം തെളിയിക്കാനായി സ്വയം ഇറങ്ങിത്തിരിക്കുന്നത്.
'അമ്മ' പൊലീസ്: മകന്‍ ജയിലില്‍ കഴിയവെ ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം ഹത്രസിലെ ഒരു മതപരമായ ചടങ്ങില്‍ വച്ചാണ് ഇവര്‍ യുവതിയെ കാണുന്നത്. താന്‍ തിരയുന്ന പെണ്‍കുട്ടിയാണ് ഇതെന്ന് മനസിലാക്കിയതോടെ ഇവരെ അലിഗഡിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ സെക്ഷന്‍ 164 പ്രകാരം മൊഴി രേഖപ്പെടുത്തിയെന്നും ഇവര്‍ മാധ്യമങ്ങളെ അറിയിച്ചു.
എന്നാല്‍ കേസുമായി മുന്നോട്ടുപോകാൻ ഞങ്ങൾ യുവതിയുടെ ഡിഎൻഎ പ്രൊഫൈലിങ് നടത്തുകയാണെന്നും ഇത് കാണാതായ പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി പൊരുത്തപ്പെട്ടാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം തന്‍റെ മകനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കേസില്‍ കുടുക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അതിനാലാണ് അവന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ താന്‍ ഇറങ്ങിത്തിരിച്ചതെന്നും വിഷ്‌ണുവിന്‍റെ മാതാവ് പറഞ്ഞു.