ദ്വാരക (ന്യൂഡൽഹി): ഡൽഹിയിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. ഡൽഹിയിലെ ദ്വാരക ജില്ലയിലെ ഉത്തം നഗറിൽ ഇന്ന് (14-12-2022) രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് പതിനേഴ് വയസുള്ള വിദ്യാർഥിനിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് വിദ്യാർഥിനിക്ക് നേരെ ബൈക്കിലെത്തിയ യുവാക്കൾ ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ പ്രതികളിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തതായി ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എം ഹർഷ വർധൻ പറഞ്ഞു.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടികൾ റോഡിന്‍റെ വശത്തുകൂടെ നടന്നുപോകുന്നതും ബൈക്കിലെത്തി യുവാക്കൾ വിദ്യാർഥിനിയുടെ മുഖത്തേക്ക് കൈയിലുള്ള ദ്രാവകം ഒഴിക്കുന്നതും ദ്യശ്യങ്ങളിൽ വ്യക്തമാണ്. ഉടൻ തന്നെ വിദ്യാർഥി മുഖംപൊത്തി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർഥിനിയുടെ കണ്ണിലടക്കം ആസിഡ് വീണെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ അപലപിച്ച് ഡൽഹി വനിത കമ്മിഷൻ രംഗത്തെത്തി. ആസിഡ് ആക്രമണം നമ്മുടെ നാട്ടിൽ തുടർക്കഥയാകുകയാണ്. എന്നാണ് ഇതിന് അറുതി വരുക. രാജ്യത്ത് ആസിഡ് നിരോധിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എപ്പോഴാണ് സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കുക എന്നും ഡൽഹി വനിത കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ട്വിറ്ററിൽ കുറിച്ചു.