തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വൻ വ്യാജമദ്യ വേട്ട. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 25 ലക്ഷം രൂപ വിലവരുന്ന 2268 ലിറ്റർ മദ്യവുമായി രണ്ടു പേർ പിടിയിലായി. ചാരോട്ടുകോണം സ്വദേശിയായ പ്രശാന്ത് (29) ഊരമ്പ് ചൂഴാൽ സ്വദേശി സൂരജ് (28) എന്നിവരാണ് അറസ്റ്റിലായത്.
അമരവിള ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയിൽ 36 കുപ്പി മദ്യവുമായി ഇരുവരെയും പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രശാന്തിൻ്റെ ചാരോട്ടുകോണത്തെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വ്യാജ മദ്യ ശേഖരത്തെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്.
പരിശോധനയിൽ ഇവിടെ നിന്നും 250 കെയ്‌സുകളിലായി സൂക്ഷിച്ചിരുന്ന 4500 കുപ്പി വ്യാജമദ്യം എക്‌സൈസ് കണ്ടെത്തി. ഗോവൻ മദ്യം എന്ന പേരിലാണ് പ്രതികൾ ഇവ വിപണനം നടത്തിയിരുന്നത്. ലോക്ക്ഡൗണിൽ ഒരു കുപ്പിക്ക് 1500 രൂപ വരെ വില ഈടാക്കിയിരുന്നു. നിലവിൽ 500 രൂപ നിരക്കിലാണ് ഇവർ കച്ചവടം നടത്തിയിരുന്നത്.
ALSO READ: 20,386 ലിറ്ററിന്‍റെ സ്‌പിരിറ്റ് വെട്ടിപ്പ് ; മൂന്ന് പേര്‍ പിടിയിൽ
എക്സൈസ് ഇൻസ്പെക്‌ടർ സച്ചിൻ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്‌ടർ സജിത്ത് കുമാർ. പ്രിവൻ്റീവ് ഓഫീസർമാരായ ജയശേഖർ, ഷാജു, സനൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നൂജു, സതീഷ്‌കുമാർ, ടോണി, അരുൺ, സ്റ്റീഫൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
സ്‌പിരിറ്റ് കേസ് ഉൾപ്പെടെ നിരവധി അബ്‌കാരി കേസുകളിലെ പ്രതികളാണ് പിടിയിലായ പ്രശാന്തും, സൂരജും. പ്രതികളെ വെള്ളിയാഴ്‌ച നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.