ചാർഖി ദാദ്രി/ഹരിയാന : ഹരിയാനയിൽ കൂട്ട ബലാത്സംഗത്തിനിരയായ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ചാർഖി ദാദ്രി സ്വദേശിയായ 17 കാരിയാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ചത്. കേസിൽ മുഖ്യ പ്രതിയായ 21കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ള രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
12-ാം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്ന പെണ്‍കുട്ടിയെ വെള്ളിയാഴ്ചയാണ് പ്രതികളായ മൂന്ന് യുവാക്കൾ ചേർന്ന് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ശേഷം പെണ്‍കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ വീട്ടിലെത്തിയ കുട്ടി ജീവനൊടുക്കി.
ALSO READ: ഗുണ്ടൂരിൽ വീണ്ടും ഗാങ് വാർ, യുവാവിനെ കൂട്ടം ചേർന്ന് ആക്രമിച്ച് പത്തോളം വരുന്ന സംഘം ; വീഡിയോ
പെണ്‍കുട്ടിയും കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേശ് രാജ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീടിന് സമീപമാണ് മുഖ്യപ്രതിയായ 21കാരൻ താമസിച്ചിരുന്നത്. ഇയാൾക്കെതിരെ പോക്സോ, തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.