തൃശൂര്‍ : കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുണ്ടായ അലർജിക്ക് കുത്തിവയ്പ്പ് എടുത്ത യുവതി മരിച്ചു. കുറ്റിപ്പുറം സ്വദേശി പിവി അസ്‌നയാണ് തൃശൂരില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കി.
നവംബര്‍ 24നാണ് കുറ്റിപ്പുറം സ്വദേശി അസ്‌ന കൊവിഡ് വാക്‌സിൻ എടുത്തത്. തൊട്ടടുത്ത ദിവസം ദേഹത്ത് തടിച്ചുപൊന്തുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കായി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നും അലർജിക്ക് കുത്തിവയ്‌പ്പ് എടുത്തതോടെ അസ്‌ന ബോധരഹിതയാകുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റാനായിരുന്നു കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്നുള്ള നിർദേശം. എന്നാൽ തൃശൂർ മെഡിക്കൽ കോളജിൽ വെന്‍റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന യുവതി ശനിയാഴ്‌ച രാവിലെ മരിച്ചു.