തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിച്ച ശേഷം കോൾ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രത്യേകം ചർച്ച ചെയ്യാന്‍ കലക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി എ സി മൊയ്തീൻ. മണലൂർ പഞ്ചായത്തിലെ സെന്റ് ഇഗ്നേഷ്യസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കോൾ മേഖലയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾക്ക് പണം ഒരു തടസമാകില്ല. വിഷയം ഇറിഗേഷൻ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ഇത്തരത്തിൽ സംഭവിക്കാതിരിക്കാൻ സര്‍ക്കാര്‍ മുൻകരുതലുകള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
പൊതുപ്രവര്‍ത്തക മാലാ രമണന്‍റെ നേതൃത്വത്തില്‍ ദുതാശ്വാസ ക്യാമ്പില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. സാക്സഫോൺ കലാകാരൻ കിഷോർ കുമാർ അന്തിക്കാട്, മിമിക്രി കലാകുടുംബമായ പ്രതിജ്‌ഞൻ ഏങ്ങണ്ടിയൂർ, ഭാര്യ അഭിരാമി, ഗായിക ലക്ഷ്മി കൃഷ്ണ എന്നിവരും ക്യാമ്പിലെ അന്തേവാസികൾക്കൊപ്പം പരിപാടികൾ അവതരിപ്പിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനം മികച്ച രീതിയിലെന്ന് ക്യാമ്പ് നിവാസികളും പ്രതികരിച്ചു. മുരളി പെരുനെല്ലി എംഎൽഎ, മണലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി, വാർഡ് അംഗം സീത ഗണേഷ് തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.