തൃശൂർ: പിടിയാനയുടെ തേറ്റകളും പല്ലും വിൽക്കാൻ ശ്രമിച്ച രണ്ട് പേരെ വനം വകുപ്പ് പിടികൂടി. വാണിയമ്പാറ മണിയന്‍ കിണർ കോളനിയിൽ താമസിക്കുന്ന വിനീഷ്, മനോജ് എന്നിവരാണ് പിടിയിലായത്. പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം പ്രഭുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കാട്ടിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മുഖ്യപ്രതി വിനീഷ് മാമ്പാറ ഭാഗത്ത് ആന ചെരിഞ്ഞത് കാണുകയും തുടർന്ന് ആനയുടെ രണ്ട് തേറ്റകളും ഒരു പല്ലും എടുത്ത് വീട്ടിൽ സൂക്ഷിക്കുകയുമായിരുന്നു. പിന്നീട് സുഹൃത്ത് മനോജിനോടും ഈ വിവരം പറഞ്ഞു. വിവരം അറിഞ്ഞ വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല.
ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു; അമ്മയടക്കം 3 പേർ അറസ്റ്റിൽ
ഇതിനിടെ പിടിയിലാകുമെന്ന് ഭയന്ന പ്രതികള്‍ തേറ്റയും പല്ലും പീച്ചി റിസർവോയറിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ അന്വേഷണ സംഘത്തിനോട് വിറ്റതായി കളവ് പറയുകയും ചെയ്തു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ വിൽപ്പന നടന്നിട്ടില്ലെന്ന് അന്വേഷണ സംഘം മനസിലാക്കി.
പിന്നാലെ ഡാമിൽ നടത്തിയ തെരച്ചിലില്‍ തേറ്റകളും പല്ലും കണ്ടെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ പീച്ചി-വാഴാനി വന്യജീവി സങ്കേതം, പീച്ചി, ഒളകര സ്റ്റേഷൻ എന്നിവിടങ്ങളിലെ ജീവനക്കാരുമുണ്ടായിരുന്നു.