തൃശ്ശൂര്‍: കാത്തിരുന്ന പൂരങ്ങളുടെ പൂരം കാണാന്‍ മണിക്കൂറുകളെണ്ണി കാത്തിരുന്ന പൂര പ്രേമികള്‍ക്ക് മുന്നിലേക്ക് വടക്കുംനാഥന്‍റെ നടതുറന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ അണിനിരത്തി ഓരോരോ ദേശക്കാര്‍ പല ദിക്കില്‍ നിന്നായി വടുക്കുംനാഥനെ കണ്ട് വണങ്ങി. കൊടും ചൂടില്‍ മേളത്തിനൊപ്പം ആവേശവും ചൂടുപിടിച്ചു.
ചുട്ടുപൊള്ളുന്ന ചൂടില്‍ ആര്‍ത്തിരമ്പിയ പുരുഷാരത്തെ മേളത്തിന്‍റെ കൊടുമുടിയിലെത്തിച്ച് മേള പ്രമാണിമാരുടെ വരവ്. ഇതിനിടെ പാറമേകാവ് ഭഗവതിയുടെ എഴുന്നെള്ളത്ത്. അക്ഷരാര്‍ഥത്തില്‍ പൂരം ആവേശത്തിന്‍റെ കൊടുമുടിയിലെത്തി. ആവേശം അലയടിക്കുന്ന അന്തരീക്ഷത്തിലേക്ക് പെരുവനം കുട്ടന്‍മാരാരും സംഘവും ചേര്‍ന്ന് പാണ്ടിയില്‍ താള വിസ്മയം തീര്‍ത്തു. പതികാലത്തില്‍ തുടങ്ങി അക്ഷരകാലത്തിലൂടെ മേളപ്പെരുക്കം. പിന്നെ വര്‍ണ വിസ്മയങ്ങളുടെ കുടമാറ്റത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പുരുഷാരം.
തെക്കേ ഗോപുര നടവഴി കാത്തുവച്ച വര്‍ണ വിസ്മയങ്ങളുമായി ആദ്യം പാറമേക്കാവ് വിഭാഗവും പിന്നാലെ തിരുവമ്പാടി വിഭാഗവും തെക്കോട്ടിറങ്ങി. അഭിമുഖമായി നിലയുറപ്പിച്ചു. ചുവപ്പ് പട്ടുകുടയുയർത്തി പാറമേക്കാവ് കുടമാറ്റത്തിന് തുടക്കമിട്ടു. പിന്നാലെ മത്സരം. ഇരുവിഭാഗത്തിന്‍റെയും കുടമാറ്റത്തിൽ തേക്കിൻകാടിന്‍റെ ആൾക്കടൽ ഇരമ്പിയാർത്തു.
നിലക്കുടകള്‍ക്കൊപ്പം രൂപക്കുടകളും നിരന്നു. 51 സെറ്റ് കുടകളാണ് ഇരുവിഭാഗങ്ങളും അണിനിരത്തിയത്. സസ്‌പെന്‍സ് ഒളിപ്പിച്ചുവെച്ച അഞ്ച് സെറ്റ് കുടകള്‍ പുറത്ത് വന്നതോടെ പൂരം കാണാന്‍ എത്തിയവര്‍ ആവേശത്തിലായി. കുടമാറ്റം അവസാനത്തിലേക്കടുത്തതോടെയാണ് മഴ പൊട്ടിവീണത്. ആൾക്കൂട്ടം ഓടിമാറുമെന്ന് കരുതിയവരെ തെറ്റിച്ച് മഴയെ ആവേശമാക്കി പൂരപ്രേമികൾ ആരവം കൊണ്ടു. കുടമാറ്റത്തിൽ അവസാനമായതോടെയാണ് കൗതുകങ്ങളുമായുള്ള സ്പെഷൽ കുടകൾ ഉയർന്നത്.
നിയോൺ ബൾബുകളും വിവിധ രൂപങ്ങളുമടക്കമുള്ളവ ഉയർത്തി. ഏഴോടെ സമാപിക്കാറുള്ള കുടമാറ്റം അവസാനിച്ചത് ഏഴരയോടെയാണ്. ഒരു മണിക്കൂറിലധികം നേരം വർണങ്ങളുടെ നീരാട്ട് പൂർത്തിയാക്കി ഇരുവിഭാഗവും പിരിഞ്ഞു. ഇനി മിനുട്ടുകളെണ്ണിയുള്ള കാത്തിരിപ്പാണ്. കതിനയിലൊളുപ്പിച്ച വര്‍ണ വിസമയം നേരില്‍ കാണാന്‍...
Also Read: പൂരത്തിനിടെ ആനയിടഞ്ഞു: ആദ്യം പരിഭ്രാന്തി, പിന്നെ ആശ്വാസം