തൃശൂര്‍: ആളും ആരവവും ആനയും ഇല്ലാതെ ചടങ്ങ് മാത്രമായി തൃശൂർ പൂരത്തിന് കൊടിയേറി. പ്രധാന പങ്കാളികളായ പാറമേക്കാവിലും തിരുവമ്പാടിയിലുമാണ് ചടങ്ങുകൾ നടന്നത്. ഇരു ക്ഷേത്രങ്ങളിലും അഞ്ച് പേർ വീതം പങ്കെടുത്ത് പൂരത്തിന്‍റെ കൊടിയേറ്റ് ചടങ്ങുകൾ പൂർത്തിയാക്കി.
മെയ് രണ്ടിന് നടക്കേണ്ട തൃശൂർ പൂരം നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു. എന്നാൽ താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ നിർവഹിക്കാനായിരുന്നു പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനം. ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ച് അഞ്ച് പേരിൽ കൂടാതെ ചടങ്ങുകൾ നടത്താൻ ഉന്നതതല യോഗം അനുമതിയും നൽകി. തുടർന്നാണ് ഇന്ന് കൊടിയേറിയത്.
നേരത്തെ കൊടിയേറ്റം വേണ്ട എന്ന നിലപാടിലായിരുന്നു തിരുവമ്പാടി. പിന്നീടാണ് കൊടി ഉയർത്തുന്നുണ്ടെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. അതേസമയം ഘടക ക്ഷേത്രങ്ങളിലൊന്നും കൊടിയേറ്റ് നടന്നില്ല. തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റത്തിന് ശേഷം ബ്രഹ്മസ്വം മഠത്തിൽ ആറാട്ട് നടന്നു. പാറമേക്കാവ് ക്ഷേത്രത്തിലെ കൊടിയേറ്റ ശേഷമുള്ള ആറാട്ട് വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണിപറമ്പിലെ കുളത്തിലാണ് നടന്നത്. ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും മെയ് മൂന്ന് വരെ ക്ഷേത്ര മതിൽകെട്ടിനകത്ത് നിയന്ത്രണങ്ങളോടെ നടക്കും.