തൃശൂര്‍ : കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂർ പൂരം ഉപേക്ഷിച്ചു. പൂരം ക്ഷേത്രത്തിനുളിൽ ചടങ്ങുകൾ മാത്രമായി നടത്തും. പൂരം നടത്തിപ്പ് സംബന്ധിച്ച അനിശ്ചിതത്വം നീക്കുന്നതിനായി ദേവസ്വം പ്രതിനിധികളും മന്ത്രിമാരും നടത്തിയ ചർച്ചയില്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.
ചരിത്രത്തിലാദ്യമായാണ് പൂരം ഉപേക്ഷിക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ അഞ്ചു പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങ് മാത്രമായി നടത്തും. പൂരം നടത്തിപ്പ് സംബന്ധിച്ച് ഇന്ന് രാവിലെ 11 മണിക്ക് തൃശൂര്‍ രാമനിലയത്തിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ വി.എസ് സുനിൽകുമാർ, സി.രവീന്ദ്രനാഥ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ലോക്‌ഡൗൺ നീട്ടിയതോടെ മെയ് 2ന് നടക്കേണ്ട തൃശൂർ പൂരം പൂർണമായി ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു.
തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾ പലതും ക്ഷേത്രത്തിന് പുറത്തുവച്ച് നടക്കുന്നതാണ്. പതിനായിരക്കണക്കിന് ആളുകൾ എത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ പൂരച്ചടങ്ങുകൾ പതിവു പോലെ നടത്താനാകില്ലെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം നിലപാട് വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യം ആരംഭിക്കേണ്ടിയിരുന്ന പൂരം പ്രദർശനം ആദ്യമേ തന്നെ ഉപേക്ഷിച്ചിരുന്നു. കൊവിഡ് വ്യാപനത്തിനുള്ള സാധ്യത മുൻനിർത്തി തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങൾ ഭക്തർക്ക് പ്രവേശനം നിർത്തി വയ്ക്കാൻ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരവും കൊടുങ്ങല്ലൂർ ഭരണിയും ചടങ്ങുകള്‍ മാത്രമായാണ് ഇത്തവണ നടത്തിയത്.