തൃശ്ശൂര്‍: കൊവിഡ് സ്ഥിരീകരിച്ച മൂർക്കനിക്കര സ്വദേശി ചെന്നൈയിൽ നിന്നും വാളയാറിൽ എത്തിയത് പാസ് ഇല്ലാതെ. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒപ്പം ബൈക്കിൽ യാത്ര ചെയ്ത ഒല്ലൂർ സ്വദേശിയായ സുഹൃത്തിനെ തൃശ്ശൂര്‍ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ മാസം 15 നാണ് ഇരുവരും റെഡ്സോണായ ചെന്നൈയില്‍ നിന്ന് വാളയാറിൽ എത്തിയത്.
സുഹൃത്തിന്‍റെ മൊബൈൽ നമ്പറാണ് രണ്ടു പേരും യാത്രാ പാസിനുള്ള അപേക്ഷയിൽ നൽകിയത്. എന്നാല്‍ സുഹൃത്തിന് മാത്രമാണ് തൃശ്ശൂർ കലക്ടറേറ്റിൽ നിന്ന് പാസ് അനുവദിച്ചത്. തുടര്‍ന്ന് വാളയാറിൽ നിന്നും സുഹൃത്തിന് തൃശ്ശൂരിലേക്ക് യാത്ര ചെയ്യാന്‍ അനുവാദം ലഭിച്ചു. എന്നാൽ ഇയാളെ അതിര്‍ത്തിയില്‍ വച്ച് പരിശോധിച്ചതിനെ തുടർന്ന് രോഗലക്ഷണങ്ങൾ കണ്ടതിനാൽ പാലക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടന്ന സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ യാത്രാരേഖകളില്ലാതെ ആരും കേരളത്തിലേക്ക് വരരുതെന്ന് ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്.