തൃശ്ശൂര്‍: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ കൊവിഡ് നിരീക്ഷണത്തില്‍ പോകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. വാളയാർ ചെക്ക് പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം പുലര്‍ത്തിയ ജനപ്രതിനിധി പങ്കെടുത്ത യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്ത ജില്ലാ കലക്‌ടര്‍ എസ്.ഷാനവാസ് ഉള്‍പ്പെടെയുള്ളവരും ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ടതില്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കി.
യോഗത്തില്‍ പങ്കെടുത്തവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്‌തതിനാല്‍ രോഗലക്ഷണങ്ങൾ ഇല്ലാത്ത, അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പർക്ക വിഭാഗത്തിലാണ് ഉള്‍പ്പെടുക. എന്നാല്‍ ഇവര്‍ മുഴുവൻ സമയവും സർജിക്കൽ മാസ്‌ക് ധരിക്കണമെന്നും പൊതുപരിപാടികൾ ഒഴിവാക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു.
പ്രാഥമിക സമ്പർക്കത്തിൽ വന്നവർ രോഗലക്ഷണങ്ങൾ പ്രകടമാക്കുകയോ പോസിറ്റീവ് ആവുകയോ ചെയ്താൽ ദ്വിതീയ സമ്പർക്കത്തിലുള്ളവർ ഹോം ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ ടി.എൻ പ്രതാപൻ എം.പിയുടെ ഓഫീസിൽ നടന്ന പരിപാടിയിലും ജനറൽ ആശുപത്രിയിൽ നടന്ന നഴ്‌സസ് ദിനാഘോഷ പരിപാടിയിലും പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകുന്നതിനെക്കുറിച്ചും ബോർഡ് പരിശോധിച്ചു. ഇവരെല്ലാം കുറഞ്ഞ അപകട സാധ്യതയുള്ള ദ്വിതീയ സമ്പർക്കപ്പട്ടികയിലാണ് ഉൾപ്പെടുന്നതെന്നും ബോർഡ് വ്യക്തമാക്കി.