തൃശൂര്‍: മഴ കുറഞ്ഞതോടെ ജില്ലയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് ഇറങ്ങിയതും ഭാരതപ്പുഴയിലും ചാലക്കുടി പുഴയിലും ജലനിരപ്പ് താഴ്ന്നതും ജില്ലയ്ക്ക് ആശ്വാസമായി. ഏഴ് താലൂക്കുകളിലായി പ്രവർത്തിക്കുന്ന 245 ദുരിതാശ്വാസ ക്യാമ്പുകളിൽ 39032 ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ക്യാമ്പുകളിൽ ജില്ലാ ഭരണകൂടവും സന്നദ്ധസംഘടനകളും ആവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നു.
ജില്ലാഭരണകൂടത്തിന്‍റെ കാര്യക്ഷമമായ ഇടപെടലുകള്‍ മൂലം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിരുന്നു. പ്രളയത്തെ തുടര്‍ന്ന് അഞ്ച് മരണങ്ങളാണ് ജില്ലയില്‍ ഉണ്ടായത്. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന ജില്ലയിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ദുരിതാശ്വാസ ക്യാമ്പുകൾ വർധിച്ച സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ജില്ലാ കലക്ടർ എസ് ഷാനവാസ് പറഞ്ഞു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ പോലുള്ള ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിന് ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കലക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. ചാലക്കുടി, പഴയന്നൂർ, ചേലക്കര, എരുമപ്പട്ടി മേഖലകള്‍ വെള്ളക്കെട്ടിൽ നിന്നും വിമുക്തമായിട്ടുണ്ട്. ഗതാഗതവും പുനസ്ഥാപിച്ചു.