തൃശൂര്‍: ശനിയാഴ്‌ച പുലര്‍ച്ചെ ജില്ലയിലെ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ ദമ്പതികളും, വിദ്യാര്‍ഥികളുമടക്കം നാല് പേര്‍ മരിച്ചു. പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് സമീപം ദേശീയ പാതയിൽ സ്‌കൂട്ടറില്‍ അജ്ഞാത വാഹനമിടിച്ച് രണ്ട് വിദ്യാര്‍ഥികളാണ് മരിച്ചത്. അതേസമയം പീച്ചീ വാണിയംപാറയിൽ പഞ്ചാബ് നാഷണൽ ബാങ്കിന് സമീപം ഹൈവേയിൽ നിന്നും കാർ കുളത്തിൽ വീണുണ്ടായ അപകടത്തില്‍ ദമ്പതികളും മരിച്ചു.
പുലർച്ചെ 2.40നാണ് പെരിഞ്ഞനത്ത് അപകടമുണ്ടായത്. ആലുവ സ്വദേശികളായ പയ്യേപ്പുള്ളി വീട്ടിൽ അജീഷിന്റെ മകൻ ശ്രീമോൻ (15), ദിൽജിത്ത് (20) എന്നിവരാണ് മരിച്ചത്. ഇരുവരെയും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പീച്ചീ വാണിയംപാറയിൽ പഞ്ചാബ് നാഷണൽ ബാങ്കിന് സമീപം ഹൈവേയിൽ നിന്നും കാർ കുളത്തിൽ വീണുണ്ടായ അപകടത്തില്‍ ഭാര്യയും ഭർത്താവും മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ബെന്നി ജോര്‍ജും, ഭാര്യ ഷീലയുമാണ് അപകടത്തില്‍ മരിച്ചത്. ഡ്രൈവർ ശശി കർത്ത നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോയമ്പത്തൂർ റോട്ടറി മീറ്റിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് പോവുകയായിരുന്നു ഇവര്‍. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്‌സ് സംഘം ഇരുവരെയും പുറത്തെടുത്തത്.