തിരുവനന്തപുരം: നെയ്യാറ്റിൻകര ദേശീയപാതയിലെ കൂട്ടപ്പന മരുത്തൂർ പാലത്തിന്‍റെ പാർശ്വഭിത്തി തകർന്നു. പാലത്തിന്‍റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു. പാലത്തിന്‍റെ തകരാർ കാരണം തിരുവനന്തപുരത്തേക്കും നാഗർകോവിലിലേക്കും ഉള്ള വാഹനങ്ങളെ ഓലത്താന്നി വഴി തിരിച്ചു വിട്ടു.
തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. പാലോട്, പൊന്മുടി, നെടുമങ്ങാട്, നെയ്യാറ്റിന്‍കര പ്രദേശങ്ങളില്‍ മഴയ്ക്ക് ശമനമില്ല. അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ 220 സെന്‍റീ മീറ്റര്‍ ഉയര്‍ത്തി. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.
കോവളം വാഴമുട്ടത്ത് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞു വീണു. തിരുവനന്തപുരം ജില്ലയില്‍ തികഞ്ഞ ജാഗ്രത വേണമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ അതിതീവ്ര മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പാണ്.
READ MORE: തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്ത മഴ; അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി