തൃശൂർ: തിരൂരിൽ വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് മാല കവർന്ന കേസിലെ പ്രതികൾ അറസ്റ്റിലായി. തൊടുപുഴ സ്വദേശികളായ സിന്ധു, ജാഫർ എന്നിവരാണ് പിടിയിലായത്. മുമ്പും ചില മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. ഒരു കേസിൽ അടുത്തിടെയാണ് ഇവർ ജാമ്യത്തിൽ ഇറങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടിയിൽ നിന്ന് ഇരുവരെയും പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൃത്യം നിർവഹിക്കാൻ പ്രതികൾ ഉപയോഗിച്ച ഓട്ടോറിക്ഷയിലെ ലൈറ്റും സ്റ്റിക്കറും അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.
ഈ മാസം ഒമ്പതിനാണ് സുശീല എന്ന എഴുപത് വയസുകാരിയെ പ്രതികൾ തന്ത്രപൂർവം ഓട്ടോയിൽ കയറ്റിയ ശേഷം അപായപ്പെടുത്താൻ ശ്രമിച്ചത്. തലക്കടിച്ച് വീഴ്ത്തി മാലയും വളകളും കവർന്ന ശേഷം പത്താഴക്കുണ്ട് ഡാമിൽ തള്ളാനായിരുന്നു പദ്ധതി. എന്നാൽ ഡാമിൽ വെള്ളം കുറവായതിനാൽ സുശീലയെ വഴിയിൽ ഉപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. മൂന്ന് പവന്‍റെ മാല കവർന്നെങ്കിലും മുക്കുപണ്ടമാണെന്ന് സുശീല പറഞ്ഞതോടെ വളകൾ മോഷ്‌ടിച്ചിരുന്നില്ല.