തൃശൂർ : നടൻ ജോജു ജോർജിന്‍റെ മാളയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോൺഗ്രസ്. വലിയപറമ്പ് അങ്ങാടിയിൽ നിന്നാരംഭിച്ച മാർച്ച് ജോജുവിന്‍റെ വീടിനുമുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇത് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ കയ്യാങ്കളിയുണ്ടായി.
തന്‍റെ പിഴവ് പൊതുജനത്തോട് ഏറ്റുപറഞ്ഞ് മാപ്പ് പറയാൻ ജോജു ജോർജ് തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജിന്‍റോ ജോൺ മാർച്ച് ഉദ്ഘാടനം ചെയ്‌തു.
READ MORE: സമരത്തിന് പൊലീസ് അനുമതിയുണ്ടായിരുന്നില്ല ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെന്ന് ഡിസിപി
ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ് വൈറ്റില പാലത്തിന് സമീപം നടത്തിയ റോഡ് ഉപരോധ സമരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. ദേശീയ പാതയിൽ ദീർഘ നേരം ഗതാഗതം സ്‌തംഭിച്ചതിനെ അതുവഴി വന്ന നടൻ ജോജു ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയുമായിരുന്നു.
ഇതേതുടർന്ന് കോൺഗ്രസ് പ്രവർത്തകർ ജോജുവിന്‍റെ വാഹനം തടഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ജോജുവിന്‍റെ വാഹനത്തിന്‍റെ ചില്ല് കോൺഗ്രസ് പ്രവർത്തകര്‍ അടിച്ചുതകർക്കുകയും ചെയ്‌തു.