തൃശ്ശൂര്‍: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം വേഗത്തിലാക്കി സത്യം പുറത്ത് കൊണ്ടുവരണമെന്ന് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ. ബി.ജെ.പിക്കും കോൺഗ്രസിനും ഇതിൽ ബന്ധമുണ്ട്. സർക്കാരിന് ഒന്നും മറച്ച് വെക്കേണ്ട ആവശ്യമില്ല. നേരായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടു വരികയാണ് വേണ്ടതെന്നും വിജയരാഘവൻ തൃശ്ശൂരിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ ആരോപണങ്ങൾ കൊണ്ട് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സി.ഐ.എസ്.എഫും കസ്റ്റംസും കേന്ദ്ര നിയന്ത്രണത്തിലാണ്. അതിനാൽ ഏത് തരത്തിലുള്ള അന്വേഷണവും നടത്തി സത്യം പുറത്തു കൊണ്ടുവരണം.
എവിടേക്ക് ഈ സ്വർണം പോകുന്നു എന്ന് കണ്ടെത്തണമെന്നും എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ ആവശ്യപ്പെട്ടു. യു.എ.ഇ കോണ്‍സുലേറ്റ് രാഷ്ട്രവുമായി ബന്ധപ്പെട്ടതാണ് അതിനാൽ വിദേശകാര്യ വകുപ്പാണ് കൈകാര്യം ചെയ്യേണ്ടത്. കൃത്യമായി അന്വേഷിച്ചാൽ കോൺഗ്രസിനും ബി.ജെ.പിക്കും കേസുമായി ബന്ധം കണ്ടെത്താം. ബി.ജെ.പിയുമായും ലീഗുമായും ബന്ധപ്പെട്ടവരുടെ വീടുകളിലാണ് അന്വേഷണം നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ആർക്കും ബന്ധമുള്ളതായി കസ്റ്റംസ് പറഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കരനെ മാറ്റിയത് സ്വർണ്ണ കടത്തുമായി ആരോപണം നേരിട്ടവരുമായി ഇടപെട്ടു എന്നതിന്‍റെ പേരിലാണ്. അഴിമതിക്കാരുമായി ബന്ധപ്പെട്ടവരെ വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് മുഖ്യമന്ത്രി ഇതിലൂടെ നൽകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി യുവതിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചത് പ്രതിപക്ഷമാണ്. സി.പി.എമ്മിന് സ്വർണ്ണക്കടത്ത് ഒരു ഫണ്ട് ശേഖരണ രീതിയാണെന്ന് ബുദ്ധി സ്ഥിരതയുള്ളവർ പറയില്ല എന്നും തൃശ്ശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എ വിജയരാഘവൻ പറഞ്ഞു.