തൃശൂര്‍: ലൈഫ് മിഷന്‍റെ വടക്കാഞ്ചേരി ഫ്ളാറ്റ് സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവും വിജിലൻസ് വിഭാഗം നിർത്തിവെച്ച് കൈവശമുള്ള ഫയലുകളും രേഖകളും വിവരങ്ങളും സിബിഐക്ക് കൈമാറണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
കേസിന്‍റെ ഉറവിടം വിദേശപ്പണം കൈപ്പറ്റിയതും അതിന്‍റെ വിനിയോഗവുമാണ്. ഇത് വിജിലൻസിന്‍റെ അന്വേഷണ അധികാര പരിധിയിൽപ്പെട്ട വിഷയമല്ല. 2019 ജൂലൈ 11ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ധാരണാപത്രം ഒപ്പിടാൻ ലൈഫ് മിഷന് ഫയൽ നൽകിയതോടെ ആരംഭിച്ച ക്രമക്കേടുകൾ വൻ അഴിമതിക്കും തട്ടിപ്പിനും ഇടയാക്കി. ഇത് സംബന്ധിച്ച തീരുമാനം എടുത്തവരിലേക്കും പങ്കുപറ്റിയവരിലേക്കും അന്വേഷണം നീളണം. നിയമകാര്യ വകുപ്പ് ധാരണാപത്രത്തിൽ കൂട്ടിച്ചേർത്ത നിബന്ധനകളൊന്നും ഇപ്പോൾ കാണാനില്ല. ഗവണ്‍മെന്‍റ് ഏജൻസി നിർമ്മാണ പ്രവർത്തനം നടത്തണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം എന്തുകൊണ്ട് അട്ടിമറിച്ചു. മനപ്പൂർവം ഹാബിറ്റാറ്റിനെ ഒഴിവാക്കിയത് വൻ അഴിമതി നടത്താനായിരുന്നുവെന്നത് വ്യക്തമായി. സമാന്തര അന്വേഷണം അനാവശ്യമാകയാൽ കേസ് അന്വേഷണ ചുമതല പൂർണമായും സിബിഐയെ ഏല്‍പ്പിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.