തൃശൂര്‍: അപ്രതീക്ഷിതമായുണ്ടാകുന്ന പ്രളയത്തില്‍ ഉടനടി രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ശാസ്ത്രീയ സംവിധാനങ്ങളുള്ള ജങ്കാറുമായി തൃശൂർ സ്വദേശി. മറൈന്‍ എഞ്ചിനീയറായ ചെന്ത്രാപ്പിനി സ്വദേശി തണ്ടയാംപറമ്പില്‍ ഗോകുലനാണ് പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നത്. ജങ്കാറിനു സമാനമായ വഞ്ചിയാണെങ്കിലും മുന്‍ഭാഗം നിലത്തേക്ക് താഴ്ത്തിയിടാനും എളുപ്പത്തില്‍ കയറാനും സാധിക്കുമെന്നതാണ് വാഹനത്തിന്‍റെ പ്രത്യേകത.
കഴിഞ്ഞ പ്രളയ കാലത്ത് ആളുകള്‍ക്ക് വഞ്ചിയില്‍ കയറാനായി രക്ഷാ പ്രവര്‍ത്തകന്‍ ജൈസല്‍ തന്‍റെ പുറം ചവിട്ടുപടിയാക്കുന്ന കാഴ്ചയാണ് ഗോകുലന്‍റെ മനസിൽ ഇത്തരം ഒരാശയം ഉടലെടുക്കാന്‍ കാരണം. മനുഷ്യര്‍ക്ക് മാത്രമല്ല, വളര്‍ത്തു മൃഗങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അകത്തേക്ക് കയറാവുന്ന വിധത്തിലാണ് സജ്ജികരണം. വീല്‍ചെയര്‍ കയറ്റാനും സൗകര്യമുണ്ട്. പത്തോളം ആളുകള്‍ക്കുള്ള ഇരിപ്പിടം, ലൈഫ് ജാക്കറ്റ്, ലൈഫ് റിംഗ്, കയര്‍, പങ്കായം തുടങ്ങിയവ വയ്‌ക്കാന്‍ പ്രത്യേക അറകളും ജങ്കാറിന്‍റെ പ്രത്യേകതയാണ്.
500 കിലോഗ്രാം ഭാരവും അഞ്ചടി വീതിയും 12 അടി നീളവുമുള്ള വാഹനം യഥേഷ്ടം ഉരുട്ടിക്കൊണ്ടു പോകാവുന്ന ഒരു ട്രൈലറില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ മുന്‍ഭാഗം ഒരു വാഹനത്തില്‍ കൊളുത്തിയാല്‍ ജങ്കാര്‍ ഉദ്ദേശിക്കുന്നിടത്തേക്ക് എത്തിക്കാം. ട്രൈലറുമായി ബന്ധിപ്പിച്ച കൊളുത്ത് വിടുവിച്ചാല്‍ നിഷ്പ്രയാസം ജങ്കാര്‍ വെള്ളത്തിലിറക്കാം. പൂര്‍ണമായും അലുമിനിയത്തില്‍ നിര്‍മിച്ചതായതിനാല്‍ 15 ആളുകളുടെ ഭാരം വന്നാല്‍ പോലും കേവലം അരയടി മാത്രമേ ഇത് വെള്ളത്തില്‍ താഴുകയുള്ളൂ. ഇടക്ക് ഇന്ധനം തീര്‍ന്നാല്‍ പങ്കായം കൊണ്ട് തുഴഞ്ഞ് ലക്ഷ്യ സ്ഥാനത്തെത്തിക്കാം.
രണ്ട് മാസം കൊണ്ടാണ് വള്ളത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. നിലവിൽ നിര്‍മിച്ചതിന് ഏകദേശം ഏഴു ലക്ഷത്തോളം വിലവരും. ആവശ്യക്കാര്‍ക്കനുസരിച്ച് ഇരിപ്പിട സൗകര്യങ്ങളടക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത് താങ്ങാവുന്ന വിലയില്‍ ജങ്കാര്‍ നിര്‍മിച്ചു നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യം വന്നാൽ എമർജൻസി റസ്ക്യൂ ഫോഴ്സിന് രക്ഷാപ്രവർത്തനത്തിനായി നൽകാനാണ് ഗോകുലൻ പദ്ധതിയിടുന്നത്.