തൃശൂർ : കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് പ്രദീപിന്‍റെ സംസ്‌കാരം വൈകിയേക്കും. ഭൗതികശരീരം നാളെ മാത്രമേ ഡൽഹിയിൽ നിന്ന് വിട്ടുനൽകുകയുള്ളൂവെന്ന് കോയമ്പത്തൂരിലെ വ്യോമസേനാ ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചു. ഇന്ന് രാത്രിതന്നെ പ്രദീപിന്‍റെ മൃതദേഹം കോയമ്പത്തൂര്‍ സുലൂരിലെ വ്യോമകേന്ദ്രത്തില്‍ എത്തിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ നാളെയേ മൃതേദഹം കോയമ്പത്തൂരില്‍ എത്തിക്കൂ. അവിടുത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമേ വിലാപയാത്രയായി തൃശൂരിലേക്കും പിന്നീട് പൊന്നൂക്കരയിലെ വീട്ടിലേക്കും എത്തിക്കാനാകൂ. ഈ സാഹചര്യത്തില്‍ സംസ്കാരം നാളെ ഉണ്ടാകാനിടയില്ല. പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചശേഷം വീട്ടുവളപ്പിൽ തന്നെ സംസ്കാരം നടത്താനാണ് കുടുംബത്തിന്‍റെ തീരുമാനം.
ALSO READ: ബിപിൻ റാവത്തിന്‍റെ പിൻഗാമി എം എം നരവനെ? പ്രഖ്യാപനം ഇന്നുണ്ടായേക്കും
ഊട്ടിക്ക് സമീപം കൂനൂരില്‍ ബുധനാഴ്‌ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്‌റ്റര്‍ അപകടമുണ്ടായത്. സംയുക്തസേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് തകർന്നുവീഴുകയായിരുന്നു. റാവത്ത് ഉള്‍പ്പടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും ബുധനാഴ്‌ച മരിച്ചിരുന്നു.