തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ ആന ഇടഞ്ഞു. കൊമ്പൻ ബല്‍റാം ആണ് ഇടഞ്ഞത്. അത്താഴ ശീവേലി കഴിഞ്ഞ് ഇന്നലെ രാത്രി പത്ത് മണിയോടെ ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് എത്തിയ കൊമ്പൻ പാപ്പാൻ സുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചു. മറ്റു പാപ്പാന്മാർ സുരേഷിനെ വലിച്ചു നീക്കിയതിനാൽ അപകടം ഒഴിവായി.
തുടർന്ന് തെക്കേ മുറ്റത്തുള്ള പാപ്പാന്മാരുടെ ഇരിപ്പിടത്തിനായി നിർമിച്ച താത്‌കാലിക ഷെഡ് ആന തകർത്തു. മരങ്ങളും കുത്തിമറിച്ചിട്ടു. വിവരമറിഞ്ഞ് ആനക്കോട്ടയിൽ നിന്ന് കാച്ചർ ബെൽറ്റുമായി കൂടുതൽ പാപ്പാന്മാര്‍ എത്തി ഒരു മണിക്കൂറിനൊടുവിൽ ആനയെ വരുതിയിലാക്കി.
ഇതിനിടെ ബല്‍റാമിന്‍റെ ചട്ടക്കാരനായ സുരേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ് ആശുപത്രിയിൽ നിന്ന് വന്നതിന് ശേഷമേ ആനയെ സ്ഥലത്ത് നിന്ന് മാറ്റാൻ കഴിയുകയുള്ളു.
വിവരമറിഞ്ഞ് അഡ്‌മിനിസ്‌ട്രേറ്റർ കെ.പി വിനയൻ, ക്ഷേത്രം ഡി.എ മനോജ്, ജീവധനം വിഭാഗത്തിലെ ഉദ്യോഗസ്ഥരായ പ്രമോദ്, രാധാകൃഷ്‌ണൻ തുടങ്ങിയവർ സ്ഥലത്ത് എത്തി. ടെമ്പിൾ പൊലീസ് എസ്.എച്ച്.ഒ പ്രേമാനന്ദ കൃഷ്‌ണന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി ഭക്തരെ ക്ഷേത്ര നടയിൽ നിന്ന് ഒഴിപ്പിച്ചു.