തൃശൂർ: വാടകയ്‌ക്ക് വീടെടുത്ത് ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന യുവാവ് പിടിയിൽ. പൊങ്ങണംകാട് സ്വദേശി അനീഷിനെയാണ് (33) രണ്ടര കിലോ കഞ്ചാവുമായി തൃശൂർ എക്‌സൈസ് റേഞ്ച് പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നും മൊത്തമായി കഞ്ചാവ് സംഭരിച്ചു വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അനീഷ്.
ആവശ്യക്കാർക്ക് മൊബൈലിൽ വില പറഞ്ഞു ഉറപ്പിച്ച ശേഷം തൃശൂർ ടൗണിന്‍റെ വിവിധ ഭാഗങ്ങളിലായാണ് ഇയാൾ വില്‍പ്പന നടത്തിയിരുന്നത്. കൂട്ടാളികളായ മറ്റു രണ്ടുപേർ ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവും ഹാഷിഷ് ഓയിലും ശേഖരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഭരിക്കും. പിന്നീട് തൃശൂർ എറണാകുളം ഭാഗങ്ങളിൽ ആവശ്യക്കാരെ കണ്ടെത്തി മൊത്തമായി വിതരണം ചെയ്യുന്നതാണ് പ്രതികളുടെ രീതി.
ഓൺലൈനായാണ് പണം ഇടപാട്. പണം അക്കൗണ്ടിൽ എത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം ടൗണിന്‍റെ വിവിധ സ്ഥലങ്ങളിൽ ആവശ്യക്കാരോട് വരാൻ പറയുകയും അവിടെ വച്ചു കൈമാറ്റം നടത്തിവരികയുമാണ് ചെയ്തിരുന്നത്. ആന്ധ്രയിൽ കഞ്ചാവിന്‍റെ വിളവെടുപ്പ് നടക്കുന്ന സമയമായതിനാല്‍ മലയാളികളായ ഇടനിലക്കാർ വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്താൻ പദ്ധതി ആസൂത്രണം ചെയ്യുന്നതായി പ്രതിയിൽ നിന്നും വിവരം ലഭിച്ചു. ഇയാളുടെ സംഘത്തിലുള്ളവരെ കണ്ടെത്താൻ എക്‌സൈസ് അന്വേഷണം ആരംഭിച്ചു.