തൃശൂര്‍: അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലയിലെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കൊവിഡുമായോ രോഗലക്ഷണങ്ങളോടെയോ വരുന്നവർക്കായി ഒ.പി, ഐപി വിഭാഗങ്ങളിൽ പ്രത്യേക സജീകരണങ്ങൾ ഏർപ്പെടുത്തണം. കൊവിഡ് വാർഡുകളിൽ ഡോക്ടർമാർ, നഴ്‌സുമാർ, ശുചീകരണ ജീവനക്കാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ കൊവിഡ് രോഗികളുടെ അടുത്ത് പോകാവൂ. ഈ പ്രത്യേക സംഘം ആശുപത്രിയുടെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രവേശിക്കുവാനോ മറ്റ് രോഗികളുമായി ഇടപഴകാനോ പാടില്ല. ആശുപത്രികളിൽ സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തണം. ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങളും ഡ്രൈവർമാരെയും കർശനമായി പരിശോധിക്കണം.
ആശുപത്രികൾക്ക് പുറമെ ആരോഗ്യ മേഖലയിലെ മറ്റ് സ്ഥാപനങ്ങൾക്കും ഈ നിബന്ധന ബാധകമാണ്. നിയന്ത്രണങ്ങൾ സംബന്ധിച്ച് ആശുപത്രി മാനേജ്‌മെന്‍റുകളുമായി സംസാരിക്കുന്നതിനും ജീവനക്കാരെ ബോധവത്കരിക്കുന്നതിനും ഡിഎംഒയുടെ നേതൃത്വത്തിൽ ഓൺലൈനായി ചർച്ച നടത്തും. ആരോഗ്യ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്‍റെ പരിശോധനയുമുണ്ടാകും. പിഴവ് കണ്ടെത്തിയാൽ തിരുത്തുംവരെ വരെ സ്ഥാപനം അടച്ചിടേണ്ടി വരും.
അമല ആശുപത്രിയിൽ ജനറൽ ഒപി ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ നിർദേശം നൽകി. ക്യാൻസർ വിഭാഗം മാത്രം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറന്നുപ്രവർത്തിക്കാം. ഇവിടെയും വളരെ അത്യാവശ്യമായി വരുന്ന രോഗികൾക്ക് മാത്രമാണ് കൺസൾട്ടേഷൻ നൽകേണ്ടത്. ഡിഎംഒയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തി. പരിശോധനയിൽ കണ്ട ചില ന്യൂനതകൾ പരിഹരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിലെ ക്ലീനിങ്ങ് ജോലിക്കാരിൽ നിന്ന് രോഗം പകർന്നിരിക്കാമെന്നാണ് പ്രാഥമികനിഗമനം. അവരുടെ ക്വാറന്‍റൈൻ സൗകര്യങ്ങളും സംഘം വിലയിരുത്തി. ഈ കാലയളവിൽ ആശുപത്രിയിൽ വന്നുപോയവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചു വരികയാണ്. അവരെക്കൂടി ഉൾപ്പെടുത്തി ആന്‍റിജൻ ടെസ്റ്റ് നടത്തി രോഗവ്യാപനം നടന്നിട്ടുണ്ടോയെന്ന കാര്യം തിട്ടപ്പെടുത്തുവാൻ ഡിഎംഒയ്ക്ക് നിർദേശം നൽകിയതായി കലക്ടർ എസ്. ഷാനവാസ് അറിയിച്ചു.