തൃശൂർ: ഡിസിസി പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വൻ ആൾക്കൂട്ടം. എം.പിമാരും എം.എൽ.എയും ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ മാസ്‌ക് കൃത്യമായി ധരിക്കാതെയാണ് ചടങ്ങിൽ പങ്കെടുത്തത്. തൃശൂരിൽ കൊവിഡ് വ്യാപന സാധ്യത നിലനിൽക്കെ സാമൂഹിക അകലം പാലിക്കാതെ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രിയാണ് എം.പി വിൻസെന്‍റിനെ തൃശൂർ ഡിസിസി പ്രസിഡന്‍റായി നിയമിച്ച പത്രക്കുറിപ്പ് പുറത്തിറങ്ങിയത്. തുടർന്ന് ഇന്ന് രാവിലെ 10 മണിക്ക് എം.പി വിൻസെന്‍റ് ചുമതല എൽക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ജില്ലയിലെ കൊവിഡ് വ്യാപന സാധ്യത നിലനില്‍ക്കെയാണ് പ്രമുഖ നേതാക്കന്മാരുടെ നേതൃത്വത്തിൽ തൃശൂർ ഡിസിസി ഓഫിസിൽ പരിപാടി സംഘടിപ്പിച്ചത്. നൂറിലധികം പേരാണ് ഡിസിസിയിൽ ഒത്തുചേർന്നത്. പുതിയ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാൻ എത്തുന്നതിന് മുന്‍പ് തന്നെ ഡിസിസി ഓഫിസിന് മുന്നിലും റോഡിലുമായി നിരവധി പേരാണ് ഒത്തുകൂടിയത്. ചുമതലയേൽക്കാൻ വിൻസന്‍റ് എത്തിയപ്പോള്‍ തോരണം ചാർത്തലും ആലിംഗനവും നടന്നിരുന്നു. എം.പിമാരായ ടി.എൻ പ്രതാപൻ, രമ്യാ ഹരിദാസ്, അനിൽ അക്കര എം.എൽ.എ എന്നീ ജനപ്രതിനിധികളും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളായ പദ്മജ വേണുഗോപാൽ അടക്കമുള്ളവരും മാസ്‌ക് കൃത്യമായി ധരിച്ചിരുന്നില്ല. കൂട്ടമായി എത്തിയ പ്രവർത്തകർ ആരും തന്നെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചതുമില്ല. പിന്നാലെയാണ് പൊലീസ് കേസെടുത്തത്.