തൃശൂർ: കൊവിഡ് വ്യാപന സാഹചര്യത്തിൽ നഗരം അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചു. ശക്തൻമാർക്കറ്റ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, വ്യാപാരസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെട്ട തേക്കിൻകാട്, പള്ളിക്കുളം, കൊക്കാല വാർഡുകളിലാണ് അതിനിയന്ത്രണം. അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച തൃശ്ശൂർ നഗരത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂർ കോർപ്പറേഷൻ ഓഫീസ് ഉൾപ്പെടെ നിയന്ത്രണ മേഖലയിൽ ഉണ്ട്. കോൺഗ്രസ്, സി.പി.എം., സി.പി.ഐ, ബി.ജെ.പി. തുടങ്ങിയ രാഷ്ട്രീയപാർട്ടികളുടെ ഓഫീസും ഈ മേഖലയിലാണ്. ഇവ ഉൾപ്പെടെ 12 വാർഡുകളാണ് അതിനിയന്ത്രണ മേഖലയിലുള്ളത്. കൊവിഡ് വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.
തൃശ്ശൂർ സിറ്റിയില്‍ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കു. കൊവിഡ് വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. മെഡിക്കൽ ആവശ്യങ്ങൾ, അവശ്യസാധനങ്ങളുടെ വിതരണം എന്നിവയ്‌ക്കൊഴികെയുള്ള സഞ്ചാരത്തിന് നിയന്ത്രണമുണ്ട്.
കോടതികൾ, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓഫീസുകൾ എന്നിവയൊഴികെയുള്ള മറ്റെല്ലാ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. ബാങ്കിങ് സ്ഥാപനങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമണിവരെ പകുതി ജീവനക്കാരെ മാത്രം വെച്ച് പ്രവർത്തിക്കാം. ജില്ലയിൽ കുന്നംകുളം നഗരസഭയിലെയും കടവല്ലൂർ, കാട്ടകാമ്പാൽ പഞ്ചായത്തുകളിലെയും വാർഡുകളും അതി തീവ്ര ബാധിത മേഖലകളിലാണ്.
സാമൂഹ്യഅകലം പാലിക്കാത്ത കടകൾക്കെതിരെ കർശന നടപടിയെടുക്കും. പൊതുസ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ ഒരുമിച്ചാൽ കേസെടുക്കും. പ്ലാന്റേഷൻ, നിർമാണ മേഖലകളിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പാടില്ല. വീടുകൾ തോറും കയറിയിറങ്ങിയുളള കച്ചവടം പാടില്ല തുടങ്ങിയ നിർദ്ദേശങ്ങളാണ് ജില്ലാ കലക്ടർ നൽകിയിരിക്കുന്നത്. ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച 127 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. വീടുകളിൽ 15471 പേരും ആശുപത്രികളിൽ 149 പേരും ഉൾപ്പെടെ ആകെ 15620 പേരാണ് നിരീക്ഷണത്തിലുളളത്.