തൃശ്ശൂര്‍: പുതുക്കാട് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസനം മുന്നിൽക്കണ്ട് നടപ്പിലാക്കുന്ന ഇത്തരം നല്ല ആശയങ്ങളിലൂന്നിയുള്ള പദ്ധതികളാണ് നാടിന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനത്തിന്‍റെ ഉദ്ഘാടനം തത്സമയം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ അധ്യക്ഷത വഹിച്ച ഓൺലൈൻ ഉദ്ഘാടന പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, ടി എൻ പ്രതാപൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് തുടങ്ങിയവർ പങ്കെടുത്തു. ജൈവ വൈവിധ്യ ഉദ്യാനത്തിനായി വിവിധ തരം പ്ലാവിൻ തൈകൾ നൽകിയ കെ.ആർ ജയനെ ചടങ്ങിൽ ആദരിച്ചു.