തൃശൂര്‍: ക്രൈസ്റ്റ് കോളജിന്‍റെ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വ്യാജ ലൈസന്‍സ് നിര്‍മിച്ച് ഡ്രൈവറായി നിയമനം നേടിയ ആള്‍ അറസ്റ്റില്‍. മാപ്രാണം തളിയക്കോണം സ്വദേശി തച്ചപ്പിള്ളി വീട്ടില്‍ നിഖിലാണ് (32) കണ്ണൂരില്‍ നിന്നും പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ ആറാം തിയതിയാണ് ക്രൈസ്റ്റ് കോളജിലെ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മലക്കപ്പാറയില്‍ വച്ച് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചത്. ഡ്രൈവറുടെ അമിതവേഗതയാണ് അപകട കാരണം എന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് കോളജ് അധികൃതര്‍ മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു. മോട്ടോര്‍വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍ നിഖില്‍ ഹാജരാക്കിയിരുന്ന ലൈസന്‍സ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട പൊലീസ് ജ്യാമമില്ലാ വകുപ്പുകള്‍ പ്രകാരം നിഖിലിനെതിരെ കേസെടുത്തു.
സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. നിഖില്‍ വ്യാജ ലൈസന്‍സ് നിര്‍മിച്ചത് എവിടെയാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. വ്യാജ ലൈസന്‍സ് നിര്‍മിച്ച നിഖിലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ യുവമോര്‍ച്ച നേതാവ് ശ്യാംജി മാടത്തിങ്കലിനെതിരെ നിഖിലിന്‍റെ പിതാവ് ദാസന്‍ തച്ചംപ്പിള്ളി വധഭീഷണി മുഴക്കിയെന്ന പരാതി ഇരിങ്ങാലക്കുട പൊലീസിന് ലഭിച്ചിരുന്നു.