തൃശൂർ: നാല് വയസുകാരിയായ മേബയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ ബന്ധു ഷൈലജക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സോഫി തോമസിന്‍റേതാണ് ഉത്തരവ്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും കൂട്ടിയിണക്കിയാണ് പ്രോസിക്യൂഷൻ കൊലക്കുറ്റം തെളിയിച്ചത്. അവസാനം കുഞ്ഞിനെ കണ്ടത് ഷൈലജയോടൊപ്പമാണെന്ന ലാസ്റ്റ് സീൻ തിയറി പ്രോസിക്യൂഷൻ പ്രയോഗിച്ചു. പ്രതിയായ ഷൈലജയുടെ ബന്ധുക്കളും മറ്റ് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയത്.
കൊല്ലപ്പെട്ട മേബയുടെ അച്ഛൻ രഞ്ജിത്തായിരുന്നു പ്രധാന സാക്ഷി. ഓസ്ട്രേലിയയിൽ ജോലിയായതിനാൽ അവിടത്തെ ഇന്ത്യൻ എംബസിയിൽ നിന്നും വീഡിയോ കോൺഫറൻസ് വഴിയാണ് രഞ്ജിത്ത് മൊഴി നൽകിയത്. കൊലക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴിയുള്ള വിചാരണ അപൂർവമായിരുന്നു.
2016 ഒക്ടോബർ 16 നാണ് കേസിനാസ്പദമായ സംഭവം. പുതുക്കാട് പാഴായിയിൽ ഒരു മരണാനന്തര ചടങ്ങിനിടെയാണ് നാലു വയസുകാരി മേബയെ കാണാതായത്. കുട്ടിയുടെ മാതാപിതാക്കളോടുള്ള വിരോധം മൂലം ബന്ധുവായ ഷൈലജ മേബയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. മേബയുടെ അമ്മ നീഷ്മയുടെ പിതൃ സഹോദരിയാണ് ഷൈലജ.