തൃശൂര്‍: ദേശീയ പാതയിൽ വാഹനമിടിച്ച് ചത്ത ഗർഭിണിയായ പൂച്ചയില്‍ നിന്ന് നാല് ജീവനുകളെ പുറത്തെടുത്ത് യുവാവ്. മതിലകം തൃപ്പേക്കുളം സ്വദേശി ഹരിദാസ് ആണ് ചത്ത പൂച്ചയെ സിസേറിയൻ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാം പരത്തിയിലാണ് സംഭവം.
പാമ്പ് പിടിത്തക്കാരനായ ഹരിദാസ് കൊടുങ്ങല്ലൂർ പുല്ലൂറ്റ് നിന്നും പാമ്പിനെ പിടികൂടി തിരികെ ബൈക്കിൽ വരുമ്പോഴാണ് വാഹനമിടിച്ച് നടുറോഡില്‍ പൂച്ച ചത്തു കിടക്കുന്നത് കണ്ടത്. പൂച്ചയെ റോഡരികിലേക്ക് മാറ്റി കിടത്താം എന്ന് കരുതി ബൈക്കിൽ നിന്നിറങ്ങി പൂച്ചയെ എടുത്തപ്പോഴാണ് ഗർഭിണിയാണെന്ന് സംശയം തോന്നിയത്. ഉടനെ തൊട്ടടുത്ത കടയിൽ നിന്നും ബ്ലേഡ് വാങ്ങി പൂച്ചയെ സിസേറിയൻ ചെയ്യുകയായിരുന്നു. പത്ത് മിനിറ്റിനുള്ളിലാണ് ഹരിദാസ് കുഞ്ഞുങ്ങളെ സുരക്ഷിതമായി പുറത്തെടുത്തത്. ഇത് കണ്ട് നിന്നവർ വീഡിയോയിൽ പകർത്തുകയും ചെയ്തു.
പ്രാഥമിക ശുശ്രൂഷ നൽകി പൂച്ച കുഞ്ഞുങ്ങളെ ഹരിദാസ് വീട്ടിലേക്ക് കൊണ്ടുവന്നു. സ്പോഞ്ച് നിറച്ച കാർഡ് ബോർഡ് പെട്ടിയിലാണ് പൂച്ചക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. അര മണിക്കൂർ ഇടവിട്ട് ലാക്ടൊജൻ കലക്കി സിറിഞ്ചിൽ നിറച്ച് കൊടുത്താണ് ജീവൻ നിലനിർത്തുന്നത്. ഇരുപത് വർഷത്തോളമായി പാമ്പ് പിടിത്തത്തിൽ സജീവമായി രംഗത്തുള്ളയാളാണ് ഹരിദാസ്.