തൃശൂര്‍: ഓണനാളുകളിൽ സ്വരാജ് റൗണ്ടിനെ ആവേശത്തിലാഴ്ത്തി ഇറങ്ങുന്ന പുലി കൂട്ടങ്ങൾ ഇത്തവണയില്ലെങ്കിലും പുലികളിയെ ജനങ്ങളിലേക്കെത്തിക്കാൻ ഡിജിറ്റൽ സാധ്യതകൾ ഉപയോഗിക്കുകയാണ് അയ്യന്തോൾ ദേശം പുലികളി സംഘം. പൂരത്തിന് പിന്നാലെ പുലികളിയും കൊവിഡ് നഷ്ടമാകുമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന ആരാധകർക്ക് മുന്നിലേക്ക് പുലി വേഷം കെട്ടുന്ന കലാകാരന്മാർ അവരുടെ വീടുകളിൽ നിന്നും ചമയങ്ങൾ അണിഞ്ഞ് ഓൺലൈനിൽ താളം ചവിട്ടിയെത്തും.
ഓണ്‍ലൈന്‍ കാലഘട്ടത്തില്‍ പുലിക്കളി പോലുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കപ്പെടണം എന്ന ആലോചനയില്‍ നിന്നാണ് ആശയം രൂപമെടുത്തതെന്ന് സംഘാടകർ പറയുന്നു. പുലികളും വാദ്യ കലാകാരന്മാരും അടക്കം ഇരുപതോളം പേരാണ് ഓൺലൈൻ പുലികളിയിൽ പങ്കെടുക്കുക. നാലാം ഓണ നാളിൽ വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് അയ്യന്തോൾ ദേശം പുലികളി സമിതിയുടെ ഫേസ്ബുക്ക് പേജിൽ ലൈവായി പുലികൾ എത്തുന്നത്. നാലാം ഓണനാളിൽ സ്വരാജ് റൗണ്ടിൽ ഒത്തുകൂടുന്ന ആയിരങ്ങളുടെ മുന്നിലേക്ക് പുലി ചുവടുകളും താളങ്ങളും എത്താതെ കടന്നു പോകാമായിരുന്നു ഒരു കാലത്തെയാണ് അയ്യന്തോൾ ദേശം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രാവര്‍ത്തികമാക്കുന്നത്.