തിരുവനന്തപുരം: കേരളത്തിൽ സിക ബാധ പ്രതിരോധിക്കാൻ കർമ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ആകെ 28 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ 8 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 20 പേർ ഇതുവരെ നെഗറ്റീവ് ആയി.
ക്ലസ്റ്റർ രൂപപ്പെട്ട ആനയറയ്ക്ക് പുറത്തും കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സികയ്ക്ക് ഒപ്പം ഡെങ്കിപ്പനിക്കും സാധ്യതയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏഴു ദിവസത്തെ കർമ്മ പദ്ധതിയാണ് നടത്തുന്നത്. സിക്ക വൈറസ് ബാധയെ തുടർന്ന് നടത്തിയ അടിയന്തര യോഗ ശേഷമാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഗർഭിണികളിൽ സിക പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഇതുവരെ രോഗം സ്ഥിരീകരിക്കപെട്ടിട്ടില്ല. എന്നാൽ ചെറിയ അശ്രദ്ധ പോലും കൊതുക് വളരാൻ കാരണം ആകുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനത്തിന് ഹോം ക്ലസ്റ്ററുകൾ കാരണമാകുന്നുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ജാഗ്രത പാലിക്കണം. കടകൾ മുഴുവനായി തുറന്നു കൊടുക്കണമെന്ന ഐഎംഎ നിർദേശത്തിൽ സർക്കാരിന്‍റെ കൂട്ടായ തീരുമാനങ്ങൾ ആണ് വേണ്ടത് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Also Read: ആശങ്ക ; സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് ബാധ