തിരുവനന്തപുരം : സിക വൈറസ് പരിശോധനയ്ക്ക് കേരളത്തിലും സംവിധാനം. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും ആലപ്പുഴയിലെ എന്‍ഐവി യൂണിറ്റിലുമാണ് ആദ്യ ഘട്ടത്തില്‍ പരിശോധന സൗകര്യം ഒരുക്കുന്നത്. സിക വൈറസ് പരിശോധനയ്ക്കുള്ള 2100 പിസിആര്‍ കിറ്റുകള്‍ പൂനെയില്‍ നിന്നും സംസ്ഥാനത്ത് എത്തിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ അഞ്ചിടത്ത്
തിരുവനന്തപുരം 1000, തൃശ്ശൂര്‍ 300, കോഴിക്കോട് 300, ആലപ്പുഴ എന്‍ഐവി 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സിക്ക, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ എന്നിവ കണ്ടെത്താന്‍ കഴിയുന്ന 500 ട്രയോപ്ലക്‌സ് കിറ്റുകളും സിക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 സിംഗിള്‍ പ്ലക്‌സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളില്‍ സിക സ്ഥിരീകരിക്കാനുള്ള സിംഗിള്‍ പ്ലക്‌സ് കിറ്റുകളും ലഭിച്ചു.
കൂടുതല്‍ ലാബുകളില്‍ സൗകര്യമൊരുക്കും
സംസ്ഥാനത്ത് കൂടുതല്‍ ലാബുകളില്‍ സിക വൈറസ് പരിശോധനയ്ക്ക് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആറിയിച്ചു. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ കഴിയുന്ന 27 സര്‍ക്കാര്‍ ലാബുകളാണുള്ളത്.
Also read: സംസ്ഥാനത്ത് സിക ആശങ്ക ; മൂന്ന് പേർക്ക് കൂടി രോഗബാധ
കൊവിഡ് വ്യാപന സമയത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു. കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ എത്തുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ ഈ ലാബുകളിലും എന്‍ഐവിയുടെ അനുമതിയോടെ സിക പരിശോധന നടത്താന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം
അതിനിടെ സംസ്ഥാനത്തെ സിക വൈറസ് സാഹചര്യം പഠിക്കാന്‍ നിയോഗിച്ച കേന്ദ്രസംഘം സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച മേഖലകള്‍ കേന്ദ്രസംഘം തിങ്കളാഴ്‌ച സന്ദര്‍ശിക്കും.