തിരുവനന്തപുരം : വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് ഫര്‍സീന്‍ മജീദ്, ജില്ല സെക്രട്ടറി ആര്‍.കെ നവീന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ക്കെതിരെ വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍, പേഴ്‌സണല്‍ അസിസ്റ്റന്‍റ് സുനീഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇന്‍ഡിഗോ ഗ്രൗണ്ട് മാനേജരും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് കത്ത് നല്‍കിയിരുന്നു. വലിയതുറ പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതികള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇവര്‍ മദ്യപിച്ചതായി എല്‍ഡിഎഫ് ആരോപിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന് ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പൊലീസില്‍ പരാതി നല്‍കും.