തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ഓഫിസിലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. കരകുളം ആറാംകല്ല് സ്വദേശി ചിത്രയാണ് അറസ്റ്റിലായത്. നെടുമങ്ങാട് താലൂക്ക് ഓഫിസിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് അടിച്ചു തകര്‍ത്തത്. ബുധനാഴ്‌ച ഉച്ചയോടെയാണ് സംഭവം.
നെടുമങ്ങാട് താലൂക്ക് റവന്യൂ റിക്കവറി തഹസിൽദാറുടെ ഓഫിസിൽ കയറി കമ്പ്യൂട്ടറും മോണിറ്ററും നശിപ്പിച്ചതിനുശേഷം യുവതി ഇലക്ഷൻ വിഭാഗം ഓഫിസിലെ ആറോളം കമ്പ്യൂട്ടറുകളും അനുബന്ധിത ഉപകരണങ്ങൾ നശിപ്പിച്ചു. ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് പൊലീസ് എത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്‌തത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് യുവതി ഓഫിസിലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നശിപ്പിച്ചതെന്ന് നെടുമങ്ങാട് തഹസിൽദാർ ജെ.എൽ അരുണ്‍ പറഞ്ഞു. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കരകുളത്ത് സ്വകാര്യ ബസിന്‍റെ കണ്ണാടി യുവതി എറിഞ്ഞ് പൊട്ടിച്ചിരുന്നു.
തനിക്ക് നീതി കിട്ടുന്നില്ല എന്നാരോപിച്ചാണ് യുവതി ഓഫിസിലേക്ക് കയറി വന്നത്. എന്നാൽ എന്ത് പരാതിയിന്മേലാണ് ഓഫിസിലെത്തിയതെന്ന് വ്യക്തമല്ല. ചിത്രയെ കാണാനില്ലെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസ് ഒരു വർഷം മുൻപ് കേസെടുക്കുകയും പിന്നീട് വട്ടിയൂർക്കാവില്‍ നിന്ന് കണ്ടെത്തി ബന്ധുക്കൾക്ക് ഒപ്പം വിട്ടയക്കുകയുമായിരുന്നു.
Also read: കായംകുളത്ത് ആംബുലൻസ് കല്യാണവാഹനമാക്കി; ദൃശ്യം വൈറല്‍, കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്