തിരുവനന്തപുരം: യുഡിഎഫിന്‍റെ അധാർമിക രാഷ്ട്രീയം ഉപേക്ഷിക്കാൻ തീരുമാനിച്ച ജോസ് കെ മാണിയെ സ്വാഗതം ചെയ്യുകയാണെന്ന് ഡിവൈഎഫ്ഐ. ബാർ കോഴ വിഷയത്തിൽ അടക്കം ഡിവൈഎഫ്ഐ സമരം നടത്തിയത് യുഡിഎഫിന്‍റെ അധാർമികതക്ക് എതിരാണ്. തെറ്റ് തിരുത്തുന്ന നടപടിപടിയെ അംഗീകരിക്കുകയാണ് വേണ്ടതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ ധാർമികത വർഗീയതക്കെതിരായ പോരാട്ടത്തിലാണ്. ഇന്ന് കോൺഗ്രസിനോട് ചേർന്ന് നിൽക്കുന്നത് നാളത്തെ ബിജെപിയാകുന്ന അവസ്ഥയാണെന്നും റഹിം പറഞ്ഞു.
കള്ള പണ ഇടപാടിൽ ഉൾപ്പെട്ട പി.ടി.തോമസ് എംഎൽഎയ്ക്കെതിരെ ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ മെല്ലെപോക്ക് നടത്തുന്നത് കോൺഗ്രസ്, ബിജെപി ധാരണയുടെ ഉദാഹരണമാണ്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപെടുത്താനും എംഎൽഎക്ക് അവസരം നൽകുകയാണ്. ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും ഡിവൈഎഫ്ഐ നടപടി സ്വീകരിക്കും.നിയമസഭാംഗം എന്ന നിലയിലുള്ള എത്തിക്സിന്‍റെ ലംഘനമാണ് പി.ടി.തോമസിന്‍റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിനെതിരെ കെയു ജനീഷ് കുമാർ എം.എൽ.എ സ്പീക്കർക്ക് പരാതി നൽകുമെന്നും റഹീം പറഞ്ഞു.