തിരുവനന്തപുരം: സംസ്ഥാനത്തെ കരിങ്കൽ ക്വാറികളിൽ വിജിലൻസ് നടത്തിയ വ്യാപക പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന പേരിൽ 67 സ്ക്വാഡുകളാണ് സംസ്ഥാനത്തെ കരിങ്കൽ ക്വാറികളിൽ പരിശോധന നടത്തിയത്. അമിതഭാരം കയറ്റി സർക്കാറിന് റോയൽറ്റി ഇനത്തിൽ ലഭിക്കേണ്ട കോടികൾ വെട്ടിക്കുന്നതായി വിജിലൻസ് കണ്ടെത്തി. സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ട്. അനുവദനീയമായതിലും മൂന്നിരട്ടി വരെ അളവ് ഓരോ വാഹനങ്ങളിലും കയറ്റുന്നുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
വിജിലൻസ് ഡയറക്ടർ സുരേഷ് കുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടന്നത്. 27 ക്വാറികളിൽ വ്യാപകമായ ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തി. മുന്നൂറിലധികം വാഹനങ്ങളിൽ പരിശോധന നടത്തിയപ്പോൾ അപ്പോൾ പകുതിയിലധികം വാഹനങ്ങളും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്‍റെ പാസില്ലാതെയാണ് ക്വാറി ഉല്‍പ്പന്നങ്ങൾ കൊണ്ടു പോകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പാസില്ലാതെ സർവീസ് നടത്തിയതിനും അമിതഭാരം കയറ്റിയതിനുമായി 306 വാഹനങ്ങളാണ് വിജിലൻസ് പിടിച്ചെടുത്തത്. 11 ലക്ഷം രൂപ ഇത്തരം നിയമ ലംഘനങ്ങൾക്ക് പിഴയായി ഈടാക്കി. പിടിച്ചെടുത്ത വാഹനങ്ങളിൽ പാസില്ലാത്ത 133 വാഹനങ്ങൾ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും അമിതഭാരം കയറ്റിയ 157 വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പിനും തുടർ നടപടിക്കായി കൈമാറി. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് വിജിലൻസിന്‍റെ തീരുമാനം.