കണ്ണൂർ: കാസർകോട് മണ്ഡലത്തിലുൾപ്പെട്ട കല്യാശ്ശേരിയിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബിഎൽഒ തലം തൊട്ട് കള്ളവോട്ട് നടന്നിട്ടുണ്ട്. സിപിഎമ്മുമായി ബന്ധമുളള ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു. ആൾമാറാട്ടമാണ് തെരഞ്ഞെടുപ്പിൽ നടന്നിട്ടുളളതെന്നും മുല്ലപ്പളളി.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എല്ലാ തെരഞ്ഞടുപ്പിലും സിപിഎമ്മിന് ഇതൊരു ആചാരവും അനുഷ്ഠാനവുമാണ്. കള്ളവോട്ട് നടന്നെന്ന് കണ്ണൂരിലെയും കാസർകോട്ടെയും സ്ഥാനാർഥികൾ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് പല ബൂത്തുകളിലും 90 ന് മുകളിൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത്. ഇപ്പോൾ ദൃശ്യങ്ങൾ പുറത്തു വന്ന ബൂത്തുകളിൽ റീ പോളിംഗ് വേണം. ഇതിനെതിരെ നിയമനടപടിയുണ്ടാകും. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.