തിരുവനന്തപുരം: അധികൃതരുടെ അനാസ്ഥ മൂലം എങ്ങുമെത്താതെ വര്‍ക്കല തുരപ്പിന്‍റെ നവീകരണം. ദേശീയ ജലപാതയിലടക്കം ഉള്‍പ്പെട്ട ജലപാതയുടെ നവീകരണമാണ് മുടങ്ങികിടക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജലഗതാഗതം സുഗമമാക്കാൻ തിരുവിതാംകൂർ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടതാണ് വർക്കല തുരപ്പ്.
തിരുവനന്തപുരം വള്ളക്കടവ് മുതൽ വർക്കല വരെയുള്ള പ്രധാന കായലുകൾ ബന്ധിപ്പിച്ച് നിർമിച്ച പാർവതി പുത്തനാർ കനാൽ വഴി അനന്തപുരിയിൽ നിന്ന് വന്നിരുന്ന കെട്ടുവള്ളങ്ങൾക്ക് അഷ്ടമുടിയിൽ എത്താൻ വർക്കല കുന്നുകൾ തടസമായി. ആയില്യം തിരുനാൾ രാജാവിന്‍റെ കാലത്ത് സർ. ടി മാധവ റാവു ദിവാനായിരുന്നപ്പോൾ ബ്രിട്ടനിൽ നിന്നും വന്ന വില്യം ബാർട്ടനെ ദിവാനായി നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1877 ൽ വർക്കല കുന്ന് തുരന്ന് ജലഗതാഗതം അന്തപുരിയിൽ നിന്ന് അഷ്‌മുടിയിലേക്ക് നീട്ടുകയായിരുന്നു. ശിവഗിരിക്ക് തൊട്ടുതാഴെയും പാപനാശതോട് അടുത്തും നിലകൊള്ളുന്ന വർക്കല തുരപ്പ് വിനോദ സഞ്ചാരികൾക്ക് ഏറെ കൗതുകമുണർത്തുന്നതാണ്. അതേസമയം ഈ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താൻ പോലും ഇന്നേവരെ കഴിഞ്ഞിട്ടില്ല. തുരപ്പ് നവീകരണത്തിന് വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടനെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം