തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വനിത ഡോക്‌ടറേയും സുരക്ഷ ജീവനക്കാരെയും കയ്യേറ്റം ചെയ്‌ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കരിമഠം സ്വദേശികളായ റഷീദ്, റഫീക് എന്നിവരാണ് അറസ്റ്റിലായത്. നിരവധി കേസിലെ പ്രതികളാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
വനിത ഡോക്‌ടര്‍ക്ക് മര്‍ദ്ദനം
ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മദ്യ ലഹരിയില്‍ രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്. രാത്രി അപകടത്തില്‍പ്പെട്ടയാളുമായി ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ സംഘം വരി നില്‍ക്കാതെ ആശുപത്രിയിലേക്ക് തള്ളികയറുകയും ബഹളം വയ്ക്കുകയും ചെയ്‌തു. ഇത് തടയാന്‍ ശ്രമിച്ച ഡ്യൂട്ടി ഡോക്ടര്‍ മാലു മുരളിക്കാണ് മര്‍ദ്ദനമേറ്റത്.
കൈപിടിച്ച് തിരിക്കുകയും തറയില്‍ തള്ളിയിടുകയും ചെയ്‌തു. കൂടാതെ വസ്‌ത്രം വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് അക്രമത്തിന് ഇരയായ ഡോക്ടര്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റു. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫോര്‍ട്ട് ആശുപത്രിയില്‍ തന്നെ നിരവധി തവണ പ്രതികള്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്‌തതും.
പ്രതിഷേധവുമായി ജീവനക്കാര്‍
ഡോക്ടര്‍ക്കെതിരെ മര്‍ദ്ദനമുണ്ടായതില്‍ പ്രതിഷേധിച്ച് ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം വച്ചു പൊറുപ്പിക്കില്ലെന്ന് ആശുപത്രി സന്ദര്‍ശിച്ച മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ വിഷയം ഗൗരവമായി പരിഗണിക്കും. ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ കെജിഎംഒഎയും പ്രതിഷേധമറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി സംഭവം നടന്ന് അര മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സ്റ്റാന്‍ലി പറഞ്ഞു. നിലവിലെ സുരക്ഷ സംവിധാനങ്ങള്‍ പരിമിതമാണെന്നും ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ പൊലീസ് എയ്‌ഡ് പോസ്റ്റ് വേണമെന്നും ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഡോക്‌ടര്‍മാര്‍ക്കെതിരെ നടക്കുന്ന വ്യാപക അക്രമങ്ങള്‍ അപലപനീയമാണ്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. തുടര്‍ നടപടിയുണ്ടായില്ലെങ്കില്‍ കൊവിഡ് കാലത്തും ശക്തമായ സമരം നടത്തേണ്ടി വരുമെന്നും കെജിഎംഒയും മുന്നറിയിപ്പു നല്‍കി.
Read more: വനിത ഡോക്ടർമാർക്ക് മർദനം; ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം