തിരുവനന്തപുരം : കടക്കാവൂർ കീഴാറ്റിങ്ങലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കീഴാറ്റിങ്ങൽ തിനവിള എകെ നഗർ പൊങ്കാലവിള വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന സുരാജ്(22), തിനവിള എ. കെ നഗർ എസ്‌ജി ഭവനിൽ വാവ എന്ന് വിളിക്കുന്ന ജിഷ്ണു(20) എന്നിവരാണ് അറസ്റ്റിലായത്.
2021 നവംബർ 29നാണ് കേസിനാസ്‌പദമായ സംഭവം. കീഴാറ്റിങ്ങൽ കുളപ്പാടം മാടൻനടയ്ക്ക് സമീപം ശാസ്‌തമൂല വീട്ടിൽ രതീഷിനെയാണ് നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. രതീഷിന്‍റെ കുഞ്ഞമ്മ ശാന്തയുടെ ആളൊഴിഞ്ഞ വീട്ടിൽ പ്രതികളിൽ ഒരാൾ ആളെക്കൂട്ടി വന്ന് മദ്യപിച്ച് ബഹളംവയ്ക്കുന്നത് പതിവായിരുന്നു. ഇത് രതീഷും ഭാര്യയും വിലക്കിയിരുന്നു.
അതിലുള്ള വിരോധം കാരണം നവംബർ 29ന് രാത്രി എട്ട് മണിയോടെ ഒന്നാം പ്രതി സുരാജിന്‍റെ നേതൃത്വത്തിൽ നാലംഗ സംഘം രതീഷിന്‍റെ വീടിന് മുന്നിലെത്തി മകനെ ആക്രമിച്ചു. അത് കണ്ട് പിടിച്ചുമാറ്റാൻ എത്തിയ രതീഷിനെയും ഭാര്യയെയും ഇവർ ആക്രമിച്ചു. ഇതില്‍ രതീഷിന്‍റെ കൈയ്‌ക്ക് ഗുരുതര പരിക്കേറ്റു. പ്രതികൾ ഇയാളുടെ സ്കൂട്ടറും അടിച്ചുതകർത്തു.
ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
ഒളിവിൽ പോയ പ്രതികളെ സാഹസികമായാണ് കടയ്ക്കാവൂർ പൊലീസ് എസ്എച്ച്ഒ അജേഷിന്‍റെ നേതൃത്വത്തിൽ എസ്ഐ ദീപു, എഎസ്ഐ ജയപ്രസാദ്, ശ്രീകുമാർ എസ്, സിപിഒ ജ്യോതിഷ് കുമാർ, സിപിഒമാരായ വിഷ്ണു, രാകേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.