തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ കര്‍ശനമാക്കി സര്‍ക്കാര്‍. ഓഗസ്റ്റ് 29ന് ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും സർക്കാർ ഏര്‍പ്പെടുത്തുക. കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
കഴിഞ്ഞ രണ്ട് ആഴ്‌ചകളിലായി സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണം ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യ ദിനം, ഓണം എന്നിവ കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
അവശ്യസേവനങ്ങൾക്ക് മാത്രം അനുമതി
അവശ്യ വസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാകും തുറക്കാന്‍ അനുമതി നല്‍കുക. അവശ്യ യാത്രകൾ നടത്തേണ്ടവർ ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളു.
ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളത്തിൽ നിന്നാണുള്ളത്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രാജ്യത്തെ തന്നെ ഉയര്‍ന്ന സ്ഥിതിയിലാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. ഇന്നലെ 30007 പേര്‍ക്കും അതിന് തൊട്ടുമുമ്പുള്ള ദിവസം 31445 പേര്‍ക്കുമാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.
പ്രതിദിന കൊവിഡ് കണക്ക് 40000ത്തിന് മുകളിലെത്തിയേക്കാം
ഓണം തിരക്ക് കൂടി കണക്കിലെടുത്താല്‍ കൊവിഡ് രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് വിദഗ്‌ധരുടെ കണക്ക് കൂട്ടല്‍. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 40000ത്തിന് മുകളിലെത്തുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. നിയന്ത്രണങ്ങള്‍ പാളിയെന്നതിന്‍റെ പേരില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ചിരുന്നു.
READ MORE: 'കൊവിഡിൽ കേരളം പരാജയപ്പെട്ടു': സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രതിഷേധം