തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ പ്രതിരോധത്തിലായ സിപിഐ ഒടുവില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നേതൃയോഗം ചേരുന്നു. ജൂലൈ 28ന് പാര്‍ട്ടി ആസ്ഥാനമായ എം.എന്‍ സ്‌മാരകത്തില്‍ എക്‌സിക്യൂട്ടീവ് യോഗം ചേരും. പട്ടയ ഭൂമികളില്‍ നിന്ന് മരം മുറിക്കുന്നതിന് വിവാദ ഉത്തരവിറക്കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലെ റവന്യൂ, വനം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാര്‍ കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു.
ഈ രണ്ടു വകുപ്പുകളും സിപിഐ ആണ് കൈകാര്യം ചെയ്‌തിരുന്നത്. മരം മുറി സംബന്ധിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ആദ്യ സര്‍ക്കുലറും പിന്നാലെ വ്യക്തത വരുത്തിയുള്ള ഉത്തരവും അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു. എന്നാല്‍ മരംമുറി വിവാദമായപ്പോള്‍ മുന്‍ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്.
ഇതിനു പിന്നാലെ മരം മുറി സംബന്ധിച്ച ഉത്തരവ് വിവരാവകാശം വഴി നല്‍കിയ റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിയായ വനിത ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി റദ്ദാക്കുകയും അവരെ വകുപ്പിനു പുറത്തേക്കു സ്ഥലം മാറ്റുകയും ചെയ്‌ത നടപടിയും സിപിഐക്ക് നാണക്കേടുണ്ടാക്കി. ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്ന അഭിപ്രായം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തുമ്പോഴാണ് കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നിര്‍വാഹക സമിതി ചേരുന്നതെന്നതും ശ്രദ്ധേയമാണ്.
Also Read: കണ്ണൂർ സെൻട്രൽ ജയിലിൽ മർദനം; തടവുകാരന് ഗുരുതര പരിക്ക്