തിരുവനന്തപുരം: സാധാരണക്കാരുടെ നടുവൊടിച്ച് സര്‍വതിനും ഇന്ന് മുതല്‍ വില വര്‍ധന. മരുന്നിനും കുടിവെള്ളത്തിനും ഭൂമിയുടെ കൈമാറ്റത്തിനും നികുതിക്കും വാഹനങ്ങളുടെ ഉപയോഗത്തിനും തുടങ്ങി എല്ലാത്തിനും ഇന്ന് മുതല്‍ നിരക്ക് കൂടും. കേന്ദ്ര - സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സാമ്പത്തിക വര്‍ഷാരംഭമായ ഇന്ന് വില വര്‍ധനവ് നിലവില്‍ വരുന്നത്.
കുടിവെള്ളത്തിന് വിലയേറും: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 5000 ലിറ്റര്‍ മുതല്‍ 15000 ലിറ്റര്‍ വരെ ഉള്ള സ്ലാബുകളിലെ വില വര്‍ധനവ് സാധാരണക്കാരെ കാര്യമായി ബാധിക്കും. 5000 ലിറ്റര്‍ വരെ ലിറ്ററിന് 4 രൂപ 20 പൈസയായിരുന്നത് 4 രൂപ 41 പൈസയായി കൂടി. 10,000ത്തിനും 15,000ത്തിനും ഇടയിലാണ് ഉപയോഗമെങ്കില്‍ പുതുക്കിയ നിരക്ക് 5 രൂപ 25 പൈസയാണ്.
പൊള്ളുന്ന മരുന്ന് വില: മരുന്നിന് തീപിടിച്ച വിലയാണ് ഇന്ന് മുതല്‍. പനി വന്നാല്‍ കഴിക്കുന്ന പാരസെറ്റമോള്‍ മുതല്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് ഉള്‍പ്പടെ നിത്യവും ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയും കൂട്ടിയിട്ടുണ്ട്. ഏകദേശം നാല്‍പതിനായിരത്തോളം മരുന്നുകള്‍ക്കാണ് ഏപ്രില്‍ ഒന്നു മുതല്‍ വില കൂടുന്നത്.
ഭൂമിയ്ക്ക് വിലയേറും: ഭൂനികുതിയും ഭൂമിയുടെ രജിസ്‌ട്രേഷന്‍ നിരക്കും ഇന്ന് മുതല്‍ ഉയരും. ഈ സാമ്പത്തികവര്‍ഷം മുതല്‍ ഭൂനികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ ന്യായവിലയില്‍ 10% വര്‍ധനവുണ്ട്. ഒരു ആര്‍ അഥവ 2.47 സെന്‍റ് അടിസ്ഥാനമാക്കിയാണ് ഭൂനികുതി കണക്കാക്കുന്നത്. പഞ്ചായത്തില്‍ 8.1 ആര്‍ വരെയും നഗരസഭകളില്‍ 2.43 ആര്‍ വരെയും കോര്‍പറേഷനുകളില്‍ 1.62 ആര്‍ വരെയും ഭൂനികുതി ഇരട്ടിയാകും. ഭൂനികുതിയുടെ ന്യായവിലയും വര്‍ധിക്കും. ഇതിന് അനുസൃതമായി രജിസ്‌ട്രേഷന്‍ നിരക്കും സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ധിക്കും.
വാഹനങ്ങളുടെ വിലയും രജിസ്‌ട്രേഷന്‍ പുതുക്കലും: വാഹന രജിസ്ട്രേഷൻ നിരക്കും ഇന്ന് മുതൽ കൂടും. വാഹന രജിസ്ട്രേഷനും പുറമെ, ഫിറ്റ്നസ് നിരക്കുകളും കൂടും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് 14 ഇരട്ടി വരെയാണ് വര്‍ധനവ്. സംസ്ഥാനത്ത് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതൽ നിലവിൽ വരും. ഓട്ടോറിക്ഷകള്‍ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കാണ് ഹരിത നികുതി ബാധകമാവുക. ചെറു കാറുകള്‍ക്ക് ആയിരവും ഇടത്തരം വാഹനങ്ങള്‍ക്ക് 1500 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 2000 രൂപയുമാണ് ഹരിത നികുതി. പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനുള്ള നിരക്കും കൂടും. ഫിറ്റ്നസിന് ഇരുചക്ര വാഹനത്തിന് 400 രൂപ നല്‍കുന്നിടത്ത് 1400 രൂപയായി.
വൈദ്യുതിക്കും നിരക്ക് വര്‍ധ: മൂന്ന് മാസങ്ങള്‍ക്കിപ്പുറം വൈദ്യുതി നിരക്കിലും വര്‍ധനവുണ്ടാകും. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ വര്‍ധിച്ച നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരുമെന്നുറപ്പാണ്. ഇത്തരം വില വര്‍ധന എന്തുകൊണ്ടും സാധാരണക്കാരെ പ്രതികൂലമായി ബാധിക്കും.
also read: കെട്ടിട നികുതി വിവാദം: തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം