തിരുവനന്തപുരം: കത്തോലിക്ക സഭയുടെ സ്ഥാപനത്തില്‍ സഭ വൈദികന്‍റെ സാന്നിധ്യത്തില്‍ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ ചൊല്ലി ഉയര്‍ന്ന വിവാദം പുതിയ തലത്തിലേക്ക്. സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് കത്തോലിക്ക സഭയുടെ സ്ഥാനാര്‍ഥിയാണെന്ന വിമര്‍ശനം തുടക്കത്തിലുയര്‍ത്തി എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസ്, പ്രചാരണം തിരിച്ചടിക്കുമോ എന്ന ഭയത്തില്‍ പ്രസ്‌താവനയില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ്. സഭയുടെ സ്ഥാനാര്‍ഥിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നിലപാട് തിരുത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സ്ഥാനാര്‍ഥി സഭയുടേതെന്ന് വരുത്തിത്തീര്‍ക്കാന്‍ മന്ത്രി പി രാജീവ് സഭയുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയാണെന്ന പുതിയ വാദം ഉയര്‍ത്തി.
സഭയുടെ സ്ഥാനാര്‍ഥിയെയാണ് എല്‍ഡിഎഫ് കെട്ടിയിറക്കിയതെന്ന് ഒരു യുഡിഎഫ് നേതാവും പറഞ്ഞിട്ടില്ലെന്നും തിരുത്തല്‍ വരുത്തി. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയെയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും വലിച്ചിഴയ്ക്കുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് മുന്‍ മന്ത്രിയും ജില്ലയിലെ മുതിര്‍ന്ന നേതാവുമായ ഡൊമിനിക് പ്രസന്‍റേഷന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നാലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സഭ ഏതെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കരുതുന്നില്ലെന്നും ജോര്‍ജ് ആലഞ്ചേരി രാഷ്ട്രീയത്തില്‍ ഇടപെടുന്ന ആളല്ലെന്നും വ്യക്തമാക്കി രംഗത്തു വന്നതും വി.ഡി സതീശന്‍റെ നിലപാട് മാറ്റത്തിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു.
നിലപാട് മാറ്റത്തിന് പിന്നില്‍: വിഷയത്തില്‍ യുഡിഎഫില്‍ തന്നെ ഭിന്നതയെന്ന് തുടക്കത്തിലേ തോന്നലുണ്ടാക്കുന്നത് ഒരുപക്ഷേ തെരഞ്ഞെടുപ്പില്‍ ക്ഷീണമായേക്കുമെന്ന് വിലയിരുത്തലുണ്ടായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ എതിര്‍ത്ത് രംഗത്തുവന്ന സഭയിലെ തന്നെ ആലഞ്ചേരി വിരുദ്ധരെ വഴി വിട്ട് പ്രോത്സാഹിപ്പിച്ചാല്‍ യുഡിഎഫിനെതിരായി സഭ വിശ്വാസികളുടെ കേന്ദ്രീകരണമുണ്ടാകുമോ എന്ന ആശങ്കയും ഉയർന്നു. ഇതോടെയാണ് കത്തോലിക്ക സഭയെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ പേരില്‍ വിമര്‍ശിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന അഭിപ്രായം യുഡിഎഫില്‍ പ്രത്യേകിച്ചും സതീശനിലും സുധാകരനിലും ഉണ്ടായത്.
കെ റെയില്‍ ഉള്‍പ്പടെയുള്ള വിവാദ വിഷയം തൃക്കാക്കരയില്‍ പ്രധാന പ്രചാരണ വിഷയമാക്കാന്‍ തീരുമാനിച്ചിരുന്ന യുഡിഎഫിനെ തുടക്കത്തിലേ സഭ വിഷയത്തിലേക്ക് തിരിച്ചു വിടാന്‍ സിപിഎം വച്ച കെണിയില്‍ കോണ്‍ഗ്രസ് വീണു എന്നു വിചാരിക്കുന്നവരും കുറവല്ല. ഇതിലൂടെ പി.ടി തോമസിന്‍റെ മരണത്തെ തുടര്‍ന്ന് അനുകൂലമാകേണ്ട സഹതാപവും കെ റെയിലും അടിക്കടി സംസ്ഥാനത്തുണ്ടാകുന്ന കൊലപാതകങ്ങളും പൊലീസിന്‍റെ നിഷ്‌ക്രിയത്വവുമൊക്കെ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് യുഡിഎഫിനെ വഴി മാറ്റിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞു. ആദ്യമേ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതിലൂടെ ഉണ്ടായ മേല്‍ക്കൈയും ഈ അനാവശ്യ വിവാദത്തിലൂടെ നഷ്‌ടമാകും എന്നു കരുതുന്ന യുഡിഎഫ് നേതാക്കളും കുറവല്ല.
Also read: തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ സഭ നേതൃത്വം ഇടപെട്ടില്ല: സിറോ-മലബാർ സഭ
അതേസമയം, മത-ജാതി വേര്‍തിരിവുകള്‍ക്കെതിരെ പോരാടുന്ന സിപിഎം അവരുടെ സ്ഥാനാര്‍ഥിയെ ഒരു കത്തോലിക്ക സഭയുടെ സ്ഥാപനത്തില്‍ ഒരു വൈദികന്‍റെ സാന്നിധ്യത്തിലാണോ പ്രഖ്യാപിക്കേണ്ടത് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് നേതാക്കള്‍ക്ക് പിടിച്ചു നില്‍ക്കാമെങ്കിലും അതിന് സൈദ്ധാന്തിക വ്യാഖ്യാനം നല്‍കുക എളുപ്പമാകില്ല. എന്നാല്‍ തൃക്കാക്കര പോലാരു യുഡിഎഫ് കോട്ടയില്‍ പ്രായോഗിക രാഷ്ട്രീയത്തിന്‍റെ ഭാഗമായ അടവു നയം സ്വീകരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നായിരിക്കും അണികള്‍ക്ക് സിപിഎം നല്‍കുന്ന സന്ദേശം.