തിരുവനന്തപുരം: തിരുമലയില്‍ പീഡനത്തെ തുടര്‍ന്ന് പതിനഞ്ചുകാരിയായ പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്‌ത കേസില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. പീഡനവിവരം അറിഞ്ഞിട്ടും പുറത്തറിയിക്കാത്തതിനാണ് കുട്ടിയുടെ അമ്മക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
അഞ്ച് വര്‍ഷം മുമ്പ് പിതൃസഹോദരന്‍ രണ്ട് വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ചിരുന്നെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോള്‍ റിമാന്റിലാണ്. പോക്‌സോ നിയമ പ്രകാരവും ആത്മഹത്യ പ്രേരണക്കുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി മാതാപിതാക്കളും മൊഴി നല്‍കിയിട്ടുണ്ട്. മാനസികമായി തകര്‍ന്ന കുട്ടി കുറച്ചു നാളുകളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും മാതാപിതാക്കള്‍ മൊഴി നല്‍കി.
വ്യാഴാഴ്ചയാണ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച് ചികിത്സക്കിടെയാണ് പെണ്‍കുട്ടി മരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം കൂടുതല്‍ നടപടിയിലേക്ക് കടക്കാനാണ് പൊലീസിന്‍റെ നീക്കം.