തിരുവനന്തപുരം : ഗുജറാത്ത് കലാപത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്‌തതില്‍ കോണ്‍ഗ്രസ് മൗനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന്‍റെ ഭീഷണിക്ക് മുന്നില്‍ മുട്ടുവിറച്ച് കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് മുട്ടിലിഴയുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കോണ്‍ഗ്രസുകാര്‍ എന്നും മറക്കാന്‍ ശ്രമിക്കുന്ന ഗുജറാത്ത് കലാപത്തിലെ രക്തസാക്ഷിയാണ് എഹ്‌സാന്‍ ജാഫ്രി. അദ്ദേഹത്തിന്‍റെ വിധവ സാകിയ ജാഫ്രി 19 വര്‍ഷത്തിലേറെയായി നിയമപോരാട്ടം നടത്തുകയാണ്. സാകിയ ജെഫ്രിയുടെ നിയമ പോരാട്ടങ്ങള്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ പിന്തുണ പ്രഖ്യാപിക്കുന്നത് പോയിട്ട് സോണിയ ഗാന്ധിയോ ഉന്നത കോണ്‍ഗ്രസ് നേതാക്കളോ നാളിതുവരെ സാകിയയെ പോയി കാണുക പോലും ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം സോണിയ ഗാന്ധി ഗുജറാത്തിലെത്തിയപ്പോള്‍ സാകിയ ജാഫ്രിയെ കാണരുതെന്നാണ് കോണ്‍ഗ്രസ് ബുദ്ധികേന്ദ്രങ്ങള്‍ അവരെ ഉപദേശിച്ചിരുന്നത്. മൃദുഹിന്ദുവോട്ടുകള്‍ നഷ്‌ടപ്പെടാതിരിക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ ആ നിലപാട്. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്താകെ ടെമ്പിള്‍ ടൂര്‍ നടത്താന്‍ സമയം കണ്ടെത്തിയ രാഹുല്‍ ഗാന്ധി എഹ്‌സാന്‍ ജാഫ്രിയെപ്പറ്റിയോ ഗുല്‍ബര്‍ഗ് സൊസൈറ്റിയെക്കുറിച്ചോ ഒരക്ഷരം ഉരിയാടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ടീസ്റ്റ സെതല്‍വാദിന്‍റെയും ആര്‍.ബി ശ്രീകുമാറിന്‍റെയും അറസ്റ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രതികരിച്ച രീതി കണ്ടാല്‍ ആ പാര്‍ട്ടിയെയോര്‍ത്ത് കഷ്‌ടം തോന്നുമെന്നും മുഖ്യമന്ത്രി പറഞ്ഞു.